Sorry, you need to enable JavaScript to visit this website.

മനോനില തെറ്റി തെരുവിലലഞ്ഞ ജ്യോതി നവയുഗം തുണയിൽ നാട്ടിലേക്കു മടങ്ങി

ജ്യോതി (വലത്തേയറ്റം), സാമൂഹ്യ പ്രവർത്തകരായ മണിക്കുട്ടൻ, സുറുമി, ശരണ്യ എന്നിവർക്കൊപ്പം. അൽകോബാർ ലേബർ ഡെപ്യൂട്ടി ഡയറക്ടർ സമീപം.

ദമാം- മാനസികരോഗ ലക്ഷണങ്ങളുമായി തെരുവിൽ ലക്ഷ്യമില്ലാതെ നടന്ന മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരിക വേദിയുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹർണൽ (30) ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്. 
ഒരു മാസം മുൻപാണ് ദമാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മർദത്തിലായ അവർ, മാനസികരോഗ ലക്ഷണങ്ങൾ കാണിയ്ക്കാൻ തുടങ്ങി. പിന്നീട്ട് ആ വീട്ടിൽ നിന്നും പുറത്തു ചാടിയ അവർ തെരുവിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇതു കണ്ട സൗദി പോലീസ് അവരെ ദമാം വനിതാ അഭയ കേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി. 
വനിതാ അഭയകേന്ദ്രത്തിൽ വെച്ചും ജ്യോതി എത്രയും വേഗം നാട്ടിൽ പോകണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും, അക്രമാസക്തമായി പെരുമാറുകയും ചെയ്തു. 
വിഷമസന്ധിയിലായ സൗദി അധികാരികൾ അറിയിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യ പ്രവർത്തകനായ മണിക്കുട്ടനും, നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, സുറുമി നസീം, ഷെമി ഷിബു എന്നിവരും  അവിടെയെത്തി ജ്യോതിയോട് സംസാരിക്കുകയും, നാട്ടിലേയ്ക്ക് പോകാൻ സഹായിക്കാം എന്ന് പറഞ്ഞ് അവരെ ശാന്തയാക്കുകയും ചെയ്തു. അവർ പരസ്‍പര വിരുദ്ധമായി സംസാരിച്ചതിനാൽ സ്‌പോൺസറെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞില്ല.
ഈദ് അവധി കഴിഞ്ഞു സർക്കാർ ഓഫീസുകൾ തുറന്നാൽ ജ്യോതിയ്ക്ക് ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകാമെന്നും, അതുവരെ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൂടെ നിർത്തിയാൽ അവരുടെ മാനസിക നില നോർമൽ ആകുമെന്നും സൗദി അധികാരികൾ അഭ്യർഥിച്ചതിനെത്തുടർന്ന്, ജ്യോതിയെ നവയുഗം കുടുംബവേദി നേതാക്കൾ കൂട്ടിക്കൊണ്ടു പോയി മണിക്കുട്ടന്റെ കുടുംബത്തിന്റെ കൂടെ നിർത്തുകയായിരുന്നു. അത് അവരുടെ മാനസിക നിലയിൽ ഏറെ പുരോഗതിയും ഉണ്ടാക്കി. ഈദ് അവധി കഴിഞ്ഞ ഉടനെ വനിതാ അഭയകേന്ദ്രം അധികാരികൾ ജ്യോ തിയുടെ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകി. നവയുഗം കുടുംബവേദി ജ്യോതിയ്ക്ക് വിമാന ടിക്കറ്റും എടുത്തു നൽകി. മറ്റു നിയമ നടപടികൾ എല്ലാം പൂർത്തിയാക്കി, ദമാം വിമാനത്താവളത്തിൽ നിന്നും ജ്യോതി മുംബൈയിലേക്ക് മടങ്ങി.

Tags

Latest News