Sorry, you need to enable JavaScript to visit this website.

ഖത്തറിലെ സ്‌കൂളുകളിൽ ജനു. 30 മുതൽ ഓഫ്‌ലൈൻ ക്ലാസ് തുടങ്ങും

ദോഹ- ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും ജനുവരി 30 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെയും അവരുടെ അക്കാദമിക് ഭാവിയുടെയും താൽപര്യം കണക്കിലെടുത്ത്, കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.
കണിശമായ കോവിഡ് പ്രോട്ടോകോളും പ്രതിരോധ നടപടികളും സ്വീകരിച്ച് സ്‌കൂളുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും എല്ലാ വിദ്യാർഥികളും ആഴ്ച തോറും വീട്ടിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. സ്‌കൂളിൽ വരുന്നതിന്റെ പരമാവധി 48 മണിക്കൂർ മുമ്പാണ് പരിശോധന നടത്തേണ്ടത്. വെള്ളി, ശനി ദിവസങ്ങളിൽ പരിശോധന നടത്തുന്നതാകും കൂടുതൽ സൗകര്യം. പരിശോധനാ ഫലം രക്ഷിതാവ് സാക്ഷ്യപ്പെടുത്തി സ്‌കൂളിൽ സമർപ്പിക്കണം.
റാപിഡ് ആന്റിജൻ ടെസ്റ്റിനുള്ള സംവിധാനം സ്‌കൂളുകളിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. 
വീട്ടിൽ നടത്തുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം പോസിറ്റിവ് ആയാൽ ഫലം സ്ഥിരീകരിക്കുന്നതിന് വിദ്യാർഥിയും സാമ്പിളും സഹിതം അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്നും മന്ത്രാലയം നിർദേശത്തിൽ പറയുന്നു.
സ്‌കൂൾ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളുമൊക്കെ കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
 

Tags

Latest News