Sorry, you need to enable JavaScript to visit this website.

അമ്പതാണ്ടിന്റെ മികവിൽ ഷാർജാ ഭരണാധികാരി; സുൽത്താൻ അൽഖാസിമിയുടേത് അപൂർവനേട്ടങ്ങൾ

ശൈഖ് സുൽത്താൻ അൽഖാസിമി ഷാർജ ഹോളി ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ (ഫയൽ).

ഷാർജ- യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അധികാരത്തിലേറിയിട്ട് അമ്പതാണ്ട്. സ്വപ്‌നനഗരിയായ ഷാർജയുടെ വികസനത്തിന്റെയും സമൃദ്ധിയുടെയും യുഗമായിട്ടാണ് സുൽത്താൻ അൽഖാസിമിയുടെ ഭരണകാലത്തെ ലോകം വിലയിരുത്തുന്നത്. 
ശാസ്ത്രത്തെയും സംസ്‌കാരത്തെയും സമന്വയിപ്പിച്ച് രാജ്യത്തിന്റെ കെട്ടിട നിർമാണ പുരോഗതിക്ക് സ്വന്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച നേതാവാണ് താൻ സഹോദരതുല്യം സ്‌നേഹിക്കുന്ന ശൈഖ് സുൽത്താൻ അൽഖാസിമി എന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അഭിപ്രായപ്പെട്ടു. ഇനിയും ഒരുപാടുനാൾ അദ്ദേഹത്തിന് ഷാർജക്കും യു.എ.ഇക്കും സേവനമനുഷ്ഠിക്കാൻ സർവശക്തൻ അനുഗ്രഹം നൽകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
1972ൽ യു.എ.ഇ എന്ന പുതിയ രാഷ്ട്രം സ്ഥാപിതമായത് മുതൽ ഷാർജയുടെ ഭരണസിംഹാസനത്തെ അലങ്കരിക്കാൻ ഭാഗ്യം സിദ്ധിച്ച 33 കാരനായ യുവാവ് 83 വയസ്സ് പൂർത്തിയാകുമ്പോഴും അതേ പദവിയിലിരുന്ന് സ്വന്തം നാടിന്റെയും നാട്ടുകാരുടെയും ഇഷ്ടഭാജനമായി തീർന്നതിനെ ലോകം അതീവ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. സ്വന്തം മസ്തിഷ്‌കവും മനഃസാക്ഷിയും ഒരുപോലെ നാടിനായി സമർപ്പിച്ചു എന്നതാണ് സുൽത്താന്റെ വിജയത്തിന് പ്രധാനകാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഷാർജ ഭരണാധികാരിയായിരുന്ന ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽഖാസിമി കൊല്ലപ്പെട്ടപ്പോൾ 1972 ജനുവരി 25ന് ശൈഖ് ഹമദ് ബിന്നിന്റെ വീട്ടിൽ ചേർന്ന അൽഖാസിമി കുടുംബത്തിന്റെ സുപ്രധാന യോഗത്തിലാണ് യുവാവും വിദ്യാസമ്പന്നനുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയെ ഭരണാധികാരിയായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കുന്നത്. 
ഒന്നുമില്ലാതിരുന്ന ഷാർജയെ കഴിഞ്ഞ 50 വർഷത്തിനിടയിൽ ലോകത്തിന്റെ നെറുകെയിൽ എത്തിച്ച ശൈഖ് സുൽത്താൻ അറബ് അന്തർദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. വിവിധ ലോകരാജ്യങ്ങളും സർവകലാശാലകളും ഉന്നതബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഫസ്റ്റ് ക്ലാസ്സ് ഓർഡർ ഓഫ് സായിദ് ലഭിച്ച ശൈഖ് സുൽത്താൻ ആഭ്യന്തര തലത്തിലും അന്തർദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ശൈശവകാലം മുതൽ വിജ്ഞാനത്തോടും വിദ്യാഭ്യാസത്തോടും അതീവമായ താൽപര്യം പ്രകടിപ്പിച്ച സുൽത്താൻ 1985ൽ ബ്രിട്ടനിലെ എക്‌സെറ്റർ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ പി.എച്ച്.ഡിയും 1999ൽ ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. 2004ൽ ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി കൗൺസിലിലും 2013ൽ പോർച്ചുഗലിലെ ലിസ്ബൺ അക്കാദമി ഓഫ് സയൻസിലും അദ്ദേഹം അംഗത്വം നേടിയിട്ടുണ്ട്. 
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകൾ സുൽത്താന് ഓണററി ഡോക്ടറേറ്റുകൾ സമ്മാനിച്ചു. ബ്രിട്ടൻ, റഷ്യ, കാനഡ, സുഡാൻ, ജർമനി, അർമേനിയ, ജോർദാൻ, ഈജിപ്ത്, ദക്ഷിണകൊറിയ, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത സർവകലാശാലകൾക്ക് പുറമെ 2017 ൽ കാലിക്കറ്റ് സർവകലാശാലയും സുൽത്താന് വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ സംഭാവനകളുടെ പേരിൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ചരിത്രം, നിയമം, ഫിലോസഫി, സയൻസ്, വിദ്യാഭ്യാസം, അറബി ഭാഷ, ഇസ്ലാമിക വിജ്ഞാനങ്ങൾ എന്നീ മേഖലകളിലെല്ലാം ഡോക്ടറേറ്റ് കരസ്ഥമാക്കി എന്നതാണ് ശൈഖ് സുൽത്താനെ ഇതര ഭരണാധികാരികളിൽനിന്ന് വ്യതിരിക്തനാക്കുന്നത്. 
ശൈഖ് സുൽത്താൻ അൽഖാസിമിയുടെ 50 വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. 1972 ഒക്ടോബർ ഒമ്പതിന് യു.എ.ഇയിൽ എണ്ണ കണ്ടെത്തിയപ്പോൾ എണ്ണപ്പാടത്തിന് 'മുബാറക്' എന്ന പേരുനൽകിയത് ശൈഖ് സുൽത്താനാണ്. 1975 നവംബർ നാലിന് ഷാർജ ഭരണാധികാരി ട്രാഫിക് ഡിപ്പാർട്ട്മെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗം വളരെ പ്രസിദ്ധമാണ്. ഷാർജയുടെ മുഖത്തെ ആധുനികവത്കരിക്കുന്നതിന് പ്രസ്തുത പ്രസംഗം നിർവഹിച്ച പങ്ക് വളരെ വലുതായിരുന്നു.
1979 ഏപ്രിൽ ഏഴിന് ഖോർഫക്കാൻ തുറമുഖം അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചു. 1979 ഏപ്രിൽ 21 ന്, യു.എ.ഇയെ ലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം അദ്ദേഹം ഉദ്ഘാടനം ചെയ്തു.1979 ഒക്ടോബർ 20ന് ഷാർജയെ അദ്ദേഹം സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് ആയി പ്രഖ്യാപിച്ചു. 1979 ഡിസംബർ 31-ന് ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഷാർജയിൽ വലിയ വ്യാവസായിക നഗരിക്ക് തുടക്കം കുറിച്ചു. 1981 ഏപ്രിൽ 30ന് കലാ സാംസ്‌കാരിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് പിന്നീട് ഷാർജയെ ഇസ്ലാമിക സംസ്‌കാരത്തിൽ അധിഷ്ഠിതമായ കലാ സാംസ്‌കാരിക നാഗരിയാക്കി മാറ്റി. 1982 ജനുവരി 18ന് ലോകശ്രദ്ധ ആകർഷിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് ശൈഖ് സുൽത്താൻ തുടക്കം കുറിച്ചു. 1985 ഫെബ്രുവരി 11 ന് ഷാർജ ടെലിവിഷൻ ചാനൽ, 1986 ജനുവരി 19ന്  ഷാർജ അൽഅമൽ ക്യാമ്പ്, 1993 ജനുവരി 5ന് ഷാർജ മ്യൂസിയം എന്നീ ചരിത്ര പദ്ധതികളും സുൽത്താന്റെ സംഭാവനയാണ്. 
1993 ഏപ്രിൽ 14ന് ഷാർജ ബിനാലെയും 1995 നവംബർ എട്ടിന് ഷാർജ ഡെസേർട്ട് പാർക്കും തുടങ്ങി. 1998 ഫെബ്രുവരി ഒമ്പതിന് അദ്ദേഹം അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ഷാർജ സ്ഥാപിച്ചു. 
2005 ഫെബ്രുവരി 13ന് ഷാർജ യൂത്ത് ശൂറാ കൗൺസിൽ ആരംഭിച്ച സുൽത്താൻ 2006 നവംബർ ഒന്നിന് ഷാർജ സ്പോർട്സ് കൗൺസിലിന് തുടക്കം കുറിച്ചു. 2002 സെപ്റ്റംബർ 16ന് ഷാർജ എക്‌സ്‌പോ സെന്റർ യാഥാർഥ്യമാക്കി. 2015 ഏപ്രിൽ 25ന് അദ്ദേഹം അൽഖാസിമിയ സർവകലാശാല ഉദ്ഘാടനം ചെയ്തു. 2019 ഒക്ടോബർ ഒന്നിന് ഷാർജ പെർഫോമിംഗ് ആർട്സ് അക്കാദമി സ്ഥാപിച്ചു. 2019 ഒക്ടോബർ 28ന് ഷാർജ മീഡിയ സിറ്റിക്ക് തുടക്കം കുറിച്ചു. 2019 ഡിസംബർ 11ന്  ഖോർഫക്കാനിൽ അറബ് അക്കാദമി ഫോർ സയൻസ്, ടെക്നോളജി ആന്റ് മാരിടൈം ട്രാൻസ്പോർട്ട് ആരംഭിച്ചു. ഷാർജ യൂനിവേഴ്സിറ്റിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹൗസ് ഓഫ് വിസ്ഡം, ഹോളി ഖുർആൻ അക്കാദമി എന്നിവ സ്ഥാപിതമായത് 2020 ലാണ്.

Tags

Latest News