Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ  ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങുന്നു

  •  നാളെ 10, 12 ക്ലാസുകൾ

ജിദ്ദ- സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അറിയിച്ചു. ആദ്യഘട്ടമെന്നോണം 10, 12 ക്ലാസ് വിദ്യാർഥികൾക്ക് നാളെ രാവിലെ എട്ട് മുതൽ ഉച്ച കഴിഞ്ഞ് 1.10 വരെയാണ് ക്ലാസ് നടക്കുക. ജനു. 27 ന് ഒമ്പത്, 11 ക്ലാസിലെ കുട്ടികൾക്ക് ഇതേ സമയത്ത് തന്നെ ക്ലാസ് നടക്കും. ഫെബ്രുവരി ഒന്നിന് ആറ്, എട്ട് ക്ലാസുകളും ഫെബ്രു. ആറിന് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളും മേൽപറഞ്ഞ സമയത്ത് നടക്കും. ഫെബ്രു. ആറിന് രാവിലെ എട്ട് മുതൽ ഉച്ച കഴിഞ്ഞ് 12.15 വരെ കെ.ജി വിഭാഗവും പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. 


അടുത്ത അക്കാദമിക് വർഷം ആരംഭിക്കുന്ന ഏപ്രിൽ 03 ന് എല്ലാ ക്ലാസുകളും ഓഫ്‌ലൈനിൽ തന്നെയായിരിക്കും നടക്കുകയെന്നും സർക്കുലറിൽ പറയുന്നു. 
പ്ലസ് ടു വിദ്യാർഥികൾക്ക് എല്ലാ ദിവസവും നേരിട്ടുള്ള ക്ലാസ് ഉണ്ടായിരിക്കും. കെ.ജി മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകൾക്ക് ആഴ്ചയിൽ ഒരു ദിവസമായിരിക്കും സ്‌കൂളിൽ ക്ലാസ് നടക്കുക. കോവിഡ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിർദേശങ്ങൾ പാലിക്കാൻ ഓരോ കുട്ടികളും ബാധ്യസ്ഥരായിരിക്കും. സ്‌കൂളിൽ കാന്റീൻ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് ഭക്ഷണവും വെള്ളവും കൊടുത്തയക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്ന കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളിലേക്ക് അയക്കാൻ പാടില്ല. സ്‌കൂൾ ബസുകൾ സർവീസ് നടത്താൻ കഴിയാത്തതിനാൽ കൃത്യസമയത്ത് തന്നെ കുട്ടികളെ കൊണ്ടുവിടാനും കൊണ്ടുപോകാനുമുള്ള ഉത്തരവാദിത്തം രക്ഷിതാക്കളിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ, ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമായിരിക്കും സ്‌കൂളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും സർക്കുലർ വിശദീകരിക്കുന്നു. 

Tags

Latest News