Sorry, you need to enable JavaScript to visit this website.

രോഗി മരിച്ചത് ബന്ധുക്കളെ അറിയിക്കാൻ ഒരു മാസം; ആരോപണം നിഷേധിച്ച് അധികൃതർ

തൃശൂർ- മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ച രോഗിയുടെ വിവരം ഒരുമാസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചതെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് മെഡിക്കൽ കോളേജ് അധികാരികൾ. ഇതു സംബന്ധിച്ച് തെറ്റായ വാർത്ത ചില ചാനലുകളിൽ പ്രചരിച്ചതോടെയാണ് മെഡിക്കൽ കോളേജ് അധികാരികൾ വസ്തുതകൾ വ്യക്തമാക്കിയത്.
വിവിധ അസുഖങ്ങളെ തുടർന്ന് ഡിസംബർ 16 നാണ് രത്‌നയെന്ന 55 വയസ്സുള്ള രോഗിയെ പാലക്കാട് കോട്ടത്തറ ആശുപത്രിയിൽനിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തലച്ചോറിൽ രക്തസ്രാവവും ന്യൂമോണിയയും രക്തത്തിൽ അണു ബാധയുമായി ഗുരുതരാവസ്ഥയിലായ രത്‌നയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഡിസംബർ 22 നാണ് ആംബുലൻസിൽ കൂട്ടിരിപ്പുകാർ ഇല്ലാതെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടെ ബന്ധുക്കൾ ആരുംതന്നെ ഇല്ലാതിരുന്നിട്ടും, മെഡിക്കൽ കോളേജ് അധികാരികൾ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ഇത്രയും ദിവസം ചികിത്സയിൽ കഴിഞ്ഞിട്ടും ബന്ധുക്കൾ ആരും തന്നെ എത്തിയില്ല. ഡിസംബർ 25 നു രോഗി മരണപ്പെട്ടപ്പോൾ അന്നുതന്നെ മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയും ചെയ്തു. മരിച്ച വ്യക്തിയുടെ ബന്ധുക്കളെതേടി 28 ന് പത്രങ്ങളിൽ പടം സഹിതം വാർത്തയും നൽകി. ജനുവരി നാലിന് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയും ചെയ്തു. എന്നിട്ടും, മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താത്തതിനെ തുടർന്ന് മൃതദേഹം മറവുചെയ്യാനുള്ള നടപടിക്കായി എൻ.ഒ.സി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പോലീസിന് കത്തും നൽകിയിരുന്നു.

യാഥാർഥ്യം ഇതായിരിക്കേയാണ് ചില മാധ്യമങ്ങൾ, മരിച്ചയാളുടെ വിവരം ബന്ധുക്കളെ അറിയിച്ചത് ഒരു മാസം കഴിഞ്ഞശേഷമെന്ന നിലയിൽ തെറ്റായ വാർത്ത നൽകിയതെന്ന് മെഡിക്കൽ കോളേജ് അധികാരികൾ പറഞ്ഞു.
 

Latest News