Sorry, you need to enable JavaScript to visit this website.

ദേശീയപാത ഇരട്ടിപ്പിക്കൽ: ഒരു ജലാശയം കൂടി വിസ്മൃതിയിലാകുന്നു


കാസർകോട്- ദേശീയപാത ഇരട്ടിപ്പിക്കലിനെ തുടർന്ന് തേജസ്വിനിക്കരയിൽ കാര്യങ്കോട് പാലത്തിനോട് ചേർന്നുണ്ടായിരുന്ന ജലാശയം ഓർമയാകുന്നു. ദേശീയപാതയിലൂടെ കടന്നുപോകുമ്പോൾ ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയിൽ കാര്യങ്കോട് പാലത്തിന് കിഴക്കുഭാഗത്തായാണ് മയ്യിച്ചയുടെ കാർഷിക സംസ്‌കൃതിയുടെ ഭാഗമായുള്ള കൊച്ചുതടാകം സ്ഥിതിചെയ്തിരുന്നത്. തേജസ്വിനിയുടെ അഴകിന് മാറ്റേകുന്ന കണ്ണിന് കുളിരേകുന്ന ഈ ജലാശയം ശ്രദ്ധയിൽപെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ദേശീയപാത ഇരട്ടിപ്പിക്കൽ ജോലി തുടങ്ങിയതോടെ ഈ ജലാശയവും റോഡിന് കിഴക്കുള്ള സ്ഥലവും മണ്ണിട്ടുമൂടിക്കഴിഞ്ഞു. തൊട്ടടുത്തുള്ള വീരമലക്കുന്നിലെ ചുവന്ന മണ്ണുമുഴുവൻ കടത്തികൊണ്ടുവന്നാണ് തടാകം മൂടിയത്. 
തടാകത്തിന്റെ പഴക്കമോ ചരിത്രമോ പലർക്കും അറിയില്ലെങ്കിലും ഓർമ വെച്ച നാൾ മുതൽ കൗതുകത്തോടെ കാണുകയും, ആസ്വദിക്കുകയും ചെയ്തിരുന്ന ജലാശയം വികസനത്തിന്റെ പേരിൽ ഇല്ലാതായി. കാര്യങ്കോട് പുഴയ്ക്ക് പുതിയ പാലം പണിയുന്നതും ദേശീയ പാത ഇരട്ടിപ്പിക്കുന്നതും ഈ തടാകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് മുകളിലൂടെയാണ്. നിലവിലുള്ള പാതയുടെ അത്രയും ഉയരത്തിൽ മണ്ണിട്ടുമൂടും. പുതുതായി പണിയുന്ന പാലത്തിന്റെ ഫില്ലറുകൾ അൽപം തെക്കോട്ടു നീട്ടിയാൽ ഈ തടാകം സംരക്ഷിച്ചു കൊണ്ടു തന്നെ ഹൈവേ വികസനം സാധ്യമാകുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അതൊന്നും വകവെക്കാതെ അതിലെ ചെറുമീനുകളേയും ജീവജാലങ്ങളെയും നിർദ്ധാക്ഷിണ്യം കൊന്നൊടുക്കിയാണ് വികസനം അടിച്ചേൽപിക്കുന്നത്. മനോഹരമായ ജലാശയത്തിലെ മീനുകളെയും ജീവികളെയും ജെ.സി.ബി കൊണ്ട് കോരിയെടുത്തു നശിപ്പിച്ച ശേഷമാണ് മണ്ണിടൽ ആരംഭിച്ചത്. 

1963 ലാണ് തേജസ്വിനി പുഴയ്ക്ക് കുറുകെ കാര്യങ്കോട് ദേശത്ത് ദേശീയപാതയിൽ റോഡുപാലം പണിതത്. അന്നത്തെ മുഖ്യമന്ത്രി ആർ . ശങ്കർ ആയിരുന്നു പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതിശക്തമായ ഒഴുക്കുള്ള പ്രദേശത്താണ് പാലം പണി തുടങ്ങിയത്. കുത്തനെയുള്ള വെള്ളത്തിന്റെ തെക്കുഭാഗത്തേക്കുള്ള ഒഴുക്ക് തടയാതെ പാലം പണി തുടങ്ങാൻ ബുദ്ധിമുട്ടായിരുന്നു. സാങ്കേതിക വിദഗ്ധർ അതിന് കണ്ടെത്തിയ മാർഗമായിരുന്നു കൃത്രിമ ജലാശയം നിർമിച്ച് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയെന്നത്. കരിങ്കല്ലും ചെങ്കല്ലും കൊണ്ട് വൃത്താകൃതിയിൽ കെട്ടി ഒഴുക്കിനെ തടഞ്ഞു. 
ജലാശയത്തിലേക്ക് വെള്ളം കയറുന്നതിന് ഒരു ഭാഗത്ത് ചെറിയൊരു വിടവ് മാത്രം വെച്ചു. പുഴയിൽ ഉപ്പുവെള്ളം കയറിയാലും ജലാശയത്തിൽ ഉപ്പ് കയറുന്നതിന് സമയമെടുക്കുമായിരുന്നു. അതിനാൽ മയ്യിച്ച, കാര്യങ്കോട് പ്രദേശത്തുകാർ കുളിച്ചതും നീന്തൽ പഠിച്ചതും മീൻ പിടിച്ചതും ഈ ജലാശയത്തിൽ വെച്ചായിരുന്നു.

Latest News