Sorry, you need to enable JavaScript to visit this website.

സാങ്കേതികത്വം പറഞ്ഞ് ദോഹ യാത്ര മുടങ്ങിയ സംഭവം; മലയാളി സംരംഭകൻ പരാതി നൽകി

ദോഹ- നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാന കമ്പനി ജീവനക്കാരന്റെ പിടിവാശി മൂലം യാത്ര മുടങ്ങിയ ഖത്തറിലെ പ്രവാസി മലയാളി സംരംഭകൻ വിമാന കമ്പനി അധികൃതർക്കും എയർപോർട്ട് അധികൃതർക്കും പരാതി നൽകി. 
ഇൻഡിഗോ എയർലൈൻസ് ജീവനക്കാരനെതിരെയാണ് ദോഹയിൽ വ്യവസായിയും പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയുമായ പൗരത്തൊടിയിൽ മൊയ്തീൻകുട്ടി പരാതി നൽകിയത്. ജീവനക്കാരന്റെ നിലപാട് മൂലം വൻതുക സാമ്പത്തിക നഷ്ടമുണ്ടായതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
ജനുവരി 13 ന് ദോഹയിലേക്ക് യാത്ര ചെയ്യാനായി നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മൊയ്തീൻകുട്ടിക്ക് യാത്ര നിഷേധിച്ചത്. 
ടിക്കറ്റിൽ യാത്രാ തീയതി തെറ്റായി രേഖപ്പെടുത്തിയതിനാൽ യാത്ര ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. യാത്രാ തീയതിയിൽ വന്ന പിഴവ് മനസ്സിലാക്കിയ അദ്ദേഹം ഉടനെ ഓൺലൈൻ വഴി ദൽഹി വഴി ദോഹയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ ഈ ടിക്കറ്റിലും യാത്ര നിഷേധിക്കപ്പെടുകയായിരുന്നു. ദോഹയിലെ ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തവണ യാത്ര മുടക്കിയത്. ഉടനെ മൊയ്തീൻകുട്ടി വിമാന കമ്പനിക്കും എയർപോർട്ട് അധികൃതർക്കും പരാതി എഴുതി നൽകി അതേ ദിവസം തന്നെ എയർ ഇന്ത്യ എക്‌സ്പ്രസിൽ ദോഹയിലെത്തി. ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് അടക്കമുള്ള സാങ്കേതികത്വങ്ങളൊന്നും എയർ ഇന്ത്യ യാത്രക്ക് തടസ്സമായില്ല. ദോഹയിലെത്തി ഇൻഡിഗോ എയർ ഓഫീസിൽ വിവരമറിയിച്ചപ്പോൾ യാത്ര നിഷേധിക്കാനുള്ള കാരണങ്ങളൊന്നും ബുക്കിംഗിൽ ഉണ്ടായിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. യാത്ര തടസ്സപ്പെടുകയും ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യുകയും ചെയ്തതിലൂടെ ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി മൊയ്തീൻ കുട്ടി പരാതിയിൽ പറഞ്ഞു. 

Tags

Latest News