Sorry, you need to enable JavaScript to visit this website.

ദുബായിൽ വർഷം തോറും 400 ഗ്ലോബൽ ഇക്കണോമിക് ഇവന്റ്‌സ് നടത്താൻ പദ്ധതി

ദുബായ് - 2025 ഓടെ പ്രതിവർഷം 400 ഗ്ലോബൽ ഇക്കണോമിക് ഇവന്റ്‌സ് സംഘടിപ്പിക്കാൻ ദുബായ് എമിറേറ്റ് പദ്ധതിയിടുന്നു. 
കോവിഡ് പ്രതിസന്ധി തരണം ചെയ്തതിന് ശേഷം സാമ്പത്തിക മേഖലക്ക് ഉത്തേജനം പകരാൻ 2021 ൽ മാത്രം ദുബായിൽ 121 പരിപാടികളാണ് നടന്നത്. സമ്മേളനങ്ങൾ, യോഗങ്ങൾ, പ്രചോദനപ്രദമായ യാത്രകൾ തുടങ്ങിയവ ഈ പരിപാടികളിൽ ഉൾപ്പെടും. ശാസ്ത്രജ്ഞർ, നേതാക്കൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർ തുടങ്ങി ഏകദേശം 70,000 ത്തോളം പേർ ഇക്കണോമിക് പ്രോഗ്രാമിൽ സംബന്ധിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.  
കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക മേഖലയുടെ കുതിപ്പ് സാധ്യമാക്കാൻ ആഗോള വ്യവസായിക സമൂഹത്തിന് ആവശ്യമായ പ്രവർത്തനങ്ങളുമായി തങ്ങൾ മുന്നോട്ടു പോകുമെന്ന് ദുബായ് ഇകണോമിക് ആന്റ് ടൂറിസം ഡിപ്പാർട്ട്‌മെന്റ് മേധാവി ഹിലാൽ അൽമാരി പറഞ്ഞു. 
വ്യാവസായിക ലോകത്തിന്റെ കേന്ദ്രമായി ഗണിക്കുന്ന ദുബായ് നഗരത്തിന് ഏതൊരുവിധ പരിപാടികളും നിഷ്പ്രയാസം സംഘടിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഏറ്റവും വേഗത്തിൽ ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്യാൻ സാധിച്ചതും ലോകത്തിന്റെ കണ്ണും കാതും കവർന്ന് അതിമനോഹരമായി ദുബായ് എക്‌സ്‌പോ സംഘടിപ്പിച്ചതും ഇതിനുള്ള വ്യക്തമായ തെളിവാണ്. ഒക്ടോബറിൽ ആരംഭിച്ച ദുബായ് എക്‌സ്‌പോയിലേക്ക് ലക്ഷക്കണക്കിന് വിദേശികളാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ബിഗ് 5, ഗിറ്റെക്‌സ്, അറബ് ഹെൽത്ത് ആന്റ് അറേബ്യൻ ട്രാവൽ മാർക്കറ്റ് തുടങ്ങിയ പരിപാടികളും യു.എ.ഇയിൽ നടന്നു. 
കോവിഡ് പ്രതിസന്ധിയിലാക്കിയ ഹോട്ടൽ വ്യവസായ മേഖലയിൽ 2021 അവസാനിക്കുമ്പോഴേക്ക് വലിയ കുതിപ്പുണ്ടായി. 2021 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 2.85 ദശലക്ഷം വിദേശ ടൂറിസ്റ്റുകൾ ദുബായിലെ ഹോട്ടലുകളിൽ താമസിച്ചുവെന്നാണ് ദുബായ് ടൂറിസം വകുപ്പിന്റെ കണക്ക്. ഒക്ടോബറിൽ തുടങ്ങിയ ദുബായ് എക്‌സ്‌പോ നഗരികളിൽ ഇതുവരേക്കും 10 മില്യൺ സന്ദർശകർ എത്തിയിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം. 
ഇതിനോടകം തന്നെ ഏതാനും ആഗോള പരിപാടികളുടെ ആതിഥേയത്വം ഏറ്റെടുക്കുന്നതിൽ ദുബായ് വിജയം നേടിയിട്ടുണ്ട്. 2025 ലെ 27 ാമത് അന്താരാഷ്ട്ര മ്യൂസിയം കൗൺസിൽ ജനറൽ കോൺഫറൻസ്, 2022 ലെ ബി.ഐ.ആർ വേൾഡ് റീസൈക്ലിംഗ് കൺവെൻഷൻ ആന്റ് എക്‌സിബിഷൻ, 2023 ലെ ഏഷ്യൻ കോൺഗ്രസ് ഇൻ പീഡിയാട്രിക് നെഫ്രോളജി, 2024 ലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ പെരിറ്റോനിയൽ ഡയാലിസിസ് കോൺഗ്രസ് തുടങ്ങിയവ ഇവയിൽ ഉൾപ്പെടുമെന്ന് ദുബായ് മീഡിയ ഓഫീസ് വെളിപ്പെടുത്തി.   
 

Tags

Latest News