Sorry, you need to enable JavaScript to visit this website.

അവിഹിത ബന്ധം: ജഡ്ജിക്ക് തടവ്

റിയാദ്- അന്യയുവതികളുമായി അവിഹിത ബന്ധങ്ങളിലേർപ്പെടുകയും ജഡ്ജിമാരെ അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്ത കേസിൽ മക്ക ജനറൽ കോടതിയിലെ മുൻ ജഡ്ജിയെ അഴിമതി കേസുകൾ വിചാരണ ചെയ്യുന്ന റിയാദ് ക്രിമിനൽ കോടതിയിലെ പ്രത്യേക ബെഞ്ച് അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. അന്വേഷണ വിധേയമായി കസ്റ്റഡിയിൽ കഴിഞ്ഞ കാലം ശിക്ഷാ കാലയളവിൽ കുറക്കാൻ കോടതി ഉത്തരവിട്ടു. കൈക്കൂലി ആരോപണത്തിൽ ജഡ്ജിയെ കോടതി കുറ്റവിമുക്തനാക്കി. ആരോഗ്യ സ്ഥിതിഗതികൾ കണക്കിലെടുത്ത് തടവു ശിക്ഷ അനുഭവിക്കുന്നതിൽനിന്ന് പ്രതിയെ പിന്നീട് അപ്പീൽ കോടതി ഒഴിവാക്കി. 
എന്നാൽ ജഡ്ജി അവിഹിത ബന്ധത്തിലേർപ്പെട്ട യുവതികളുടെ ഭർത്താക്കന്മാർ നൽകിയ സ്വകാര്യ അവകാശ കേസിൽ പ്രതി 30 ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്ന് അപ്പീൽ കോടതി വിധിച്ചു. ഓരോ യുവതിയുമായും അവിഹിത ബന്ധങ്ങൾ സ്ഥാപിച്ചതിന് 15 ദിവസം വീതമാണ് പ്രതി തടവു ശിക്ഷ അനുഭവിക്കേണ്ടത്. 
യുവതികളിൽ ഒരാളും മുൻ ഭർത്താവും തമ്മിലുള്ള കേസിൽ യുവതിക്ക് അനുകൂലമായി വിധി നൽകിയും മുൻ ഭർത്താവിന്റെ അപ്പീൽ സ്വീകരിക്കാതിരിക്കാൻ ഇടപെടലുകൾ നടത്തിയും യുവതിയുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്ത ജഡ്ജി ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തിയെന്നും കൈക്കൂലി സ്വീകരിച്ചെന്നും പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. 
വിവാഹബന്ധം അസാധുവാക്കാനും ഭർത്താവിൽനിന്ന് ജീവനാംശം നേടിയെടുക്കാനും ശ്രമിച്ച് കോടതിയിൽ കേസ് നൽകിയ മറ്റൊരു യുവതിയുമായും ജഡ്ജി അവിഹിത ബന്ധം സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. ഇരു യുവതികളുടെയും മുൻ ഭർത്താക്കന്മാരെയും, കേസുകളിൽ ഉൾപ്പെട്ട കക്ഷികളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ജഡ്ജിമാരെയും തെറിവിളിച്ച പ്രതി വിവാഹബന്ധം വേർപ്പെടുത്താൻ മറ്റൊരു യുവതിയെ പ്രേരിപ്പിച്ചതായും പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
 

Tags

Latest News