Sorry, you need to enable JavaScript to visit this website.

കാസർക്കോട്ട് 65 പോലീസുകാർക്ക് കോവിഡ്;  നീരീക്ഷണത്തിന് പോലീസ് ക്ഷാമം

കാസർകോട്- സർക്കാർ ഉത്തരവു പ്രകാരമുള്ള ഞായറാഴ്ചയിലെ ലോക്ഡൗൺ കർശനമായി നടപ്പിലാക്കുന്നതിന് നിരത്തിൽ ഇറക്കാൻ പോലീസ് സേനയിൽ അംഗങ്ങളില്ലാത്തത് ബുദ്ധിമുട്ടായി. കാസർകോട് ജില്ലയിലെ പോലീസ് സേനയിൽ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സേനയിലെ കുറവ് ജില്ലയിലെങ്ങും അനുഭവപ്പെട്ടത്. പൊതുവെ കാസർകോട് ജില്ലയിൽ പോലീസ് സേനയുടെ അംഗബലം കുറവാണ്. ഇത് കാരണം വളരെ ക്ലേശകരമായ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ ഡ്യുട്ടി ചെയ്യുന്നത്.  ജില്ലയിലെ അംഗബലത്തിലെ കുറവ് പോലീസ് സ്റ്റേഷനുകളുടെ ഭരണത്തിലും കേസ് അന്വേഷണത്തിലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന് ഇടയിലും അവധി പോലും എടുക്കാതെ ജോലി ചെയ്യുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ അധികപേരും. ഇതിനിടയിലാണ് സേനയിലെ 65 ഓളം പേരെ കോവിഡ് ബാധിച്ചത്. ടെസ്റ്റ് ചെയ്തു റിസൾട്ട് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും കൂടുതലാണ്. ഓരോ പോലീസ് സ്റ്റേഷനുകളിലും അഞ്ചും ആറും പേർക്ക് രോഗം പിടിപെട്ടു. ഉയർന്ന ഉദ്യോഗസ്ഥർ അടക്കം വിശ്രമത്തിലും നിരീക്ഷണത്തിലും ആയതിനാൽ ക്രമസമാധാന പാലനം നടത്തുന്നതിൽ വലിയ പ്രയാസം നേരിടുന്നുണ്ട്. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ കർശനമായ നിയന്ത്രണം നടപ്പിലാക്കുന്നതിന് പോലീസിനെ രംഗത്തിറക്കണമെന്നാണ് നിർദേശിച്ചിരുന്നത്. പക്ഷെ സേനാംഗങ്ങളുടെ കുറവ് കാരണം ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിഞ്ഞില്ല. ചന്തേര മുതൽ കാസർകോട് വരെയുള്ള പോലീസ് സ്റ്റേഷൻ പരിധികളിൽ നാമമാത്രമായ ഉദ്യോഗസ്ഥരെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ സാധിച്ചത്. നീലേശ്വരം, കാഞ്ഞങ്ങാട് സൗത്ത്, ചേറ്റുകുണ്ട്, മഡിയൻ, ഉദുമ, കളനാട്, കാസർകോട് ടൗൺ എന്നിവിടങ്ങളിൽ പോലീസ് സേനയെ നിയോഗിച്ചിരുന്നു. ഇവിടങ്ങളിൽ ഹോം ഗാർഡുകളുടെ സഹായത്തോടെ പരിശോധന നടന്നു. ഇന്നലത്തേത് ലോക്ഡൗണിന്റെ സൂചനയായുള്ള നിയന്ത്രണമായതിനാലാണ് കർശനമായ നിയന്ത്രണം നടപ്പിലാക്കാൻ രംഗത്തിറങ്ങിയതെന്നും കോവിഡ് സ്ഥിതിഗതികൾ ഇനിയും വർധിച്ചുവന്നാൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് സൂചന നൽകി. 
കോവിഡ് നിയന്ത്രണ നിർദേശം ലംഘിച്ചതിന് കാസർകോട് ജില്ലയിലെ 60 പേർക്കെതിരെ കേരള എപ്പിഡെമിക് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ടൗൺ, കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനുകളിലാണ് കേസുകളിൽ കൂടുതൽ. അനധികൃതമായി സർവീസ് നടത്തുകയും നിയന്ത്രണം ലംഘിച്ചു ചുറ്റിക്കറങ്ങുകയും ചെയ്ത 70 വാഹനങ്ങളും പോലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. 
 

Latest News