Sorry, you need to enable JavaScript to visit this website.

കോവിഡ് കത്തി നിൽക്കുമ്പോഴും കുലുക്കമില്ല; കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് നാളെ

കോട്ടയം- കോവിഡിന്റെ അതിവ്യാപനത്തിനിടെ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് പട്ടിക പ്രഖ്യാപിച്ച് അധികൃതർ. നാളെയാണ് കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ്. ഞായറാഴ്ചകളിൽ ലോക്ഡൗണു സമാനമായ അന്തരീക്ഷത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്‌മെന്റ്് സൊസൈറ്റി തെരഞ്ഞെടുപ്പ് നടത്തുന്നത് വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
കോവിഡ് കത്തി നിൽക്കുമ്പോൾ കോട്ടയം ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് (കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) തെരഞ്ഞെടുപ്പ് ജനുവരി 25ന്. പിറ്റേന്ന് പുതിയ ഭരണസമിതികൾ അധികാരമേൽക്കുമെന്നാണ് അധികൃതർ പറയുന്നത്. അയൽക്കൂട്ടം, എ.ഡി.എസ് (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) തെരഞ്ഞെടുപ്പുകൾ കോട്ടയം ജില്ലയിൽ പൂർത്തിയായതോടെയാണ് നടപടി. ജില്ലയിൽ പ്രതിദിനം മൂവായിരത്തോളം പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്യുന്നത്്.
മിക്ക കുടുംബങ്ങളിലും ഒരു കോവിഡ് രോഗിയോ വൈറൽ പനി ബാധിച്ചവരോ എങ്കിലുമുള്ള അവസ്ഥയിലാണ് കോട്ടയം ജില്ല. ജനുവരി ഏഴു മുതൽ 13 വരെ 15,890 അയൽക്കൂട്ടങ്ങളിലും 16 മുതൽ 21 വരെ 1342 എ.ഡി.എസുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി പി.എസ് ഷിനോ പറയുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ കുടുംബശ്രീ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായിരുന്നുവെന്നും ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് ജനുവരി 25ന് തെരഞ്ഞെടുപ്പു നടത്തുകയെന്നുമാണ് അധികാരികൾ ഇതേപ്പറ്റി പറയുന്നത്. 
കോവിഡ് ബാധിതരായ എ.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് അവരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് പകരമായി പ്രസ്തുത അയൽക്കൂട്ടത്തിലെ ഒരംഗത്തെ ചുമതലപ്പെടുത്താമെന്ന് അറിയിപ്പിൽ പറയുന്നു. ഇതിനായി പ്രതിനിധിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള സാക്ഷ്യപത്രം അതത് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നൽകണം. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിനിധി അധികാരികളുടെ മുമ്പാകെ ഫോൺ മുഖേന കോവിഡ് ബാധിതയായ അംഗത്തെ വിളിച്ച് അവരുടെ പിന്തുണ ആർക്കെന്ന് ഉറപ്പുവരുത്തണം. 
രോഗബാധിതയായ അംഗത്തിന് ഭാരവാഹിയായി മത്സരിക്കുന്നതിന് താൽപര്യമുണ്ടെങ്കിൽ വരണാധികാരി പരിഗണിച്ച് അർഹതയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. എല്ലാ പൊതുസഭ അംഗങ്ങളും എൻ-95 മാസ്‌ക്കോ ഇരട്ട സർജിക്കൽ മാസ്‌കോ നിർബന്ധമായും ധരിക്കണം. സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് വരണാധികാരി, കുടുംബശ്രീ ജില്ലാ മിഷൻ, കുടുംബശ്രീ സി.ഡി.എസ് എന്നിവർ തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് സാനിറ്റൈസർ ലഭ്യതയും സോപ്പും വെള്ളവും ഉറപ്പാക്കണമെന്നും പറയുന്നു. 

Latest News