Sorry, you need to enable JavaScript to visit this website.

കണ്ണൂർ വി.സി നടത്തിയ മുഴുവൻ നിയമനവും അന്വേഷിക്കണം -ഡി.സി.സി

കണ്ണൂർ- കണ്ണൂർ സർവകലാശാല വി.സി നടത്തിയ മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്നും ഗുരുതര ക്രമക്കേട് നടന്നെന്നും ആരോപണം. മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിക്രമത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ ഡോ.പ്രിയ വർഗീസിനെ തിരുകിക്കയറ്റുവാനുള്ള ശ്രമത്തിനിടയിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. 
കഴിഞ്ഞ നവംബർ 18ന് ഓൺലൈൻ ആയി നടന്ന ഇന്റർവ്യൂവിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് യു.ജി.സി റെഗുലേഷൻ പ്രകാരം വേണ്ടുന്ന യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികളെ കൂടി ഉൾക്കൊള്ളിച്ചാണ് സെലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തിയിരിക്കുന്നത്. യു.ജി.സി റെഗുലേഷൻ 4.1.2 ൽ ഇനം നമ്പർ മൂന്നു പ്രകാരം എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയം കൂടാതെ യു.ജി.സി അംഗീകരിച്ചിട്ടുള്ള ജേർണലിൽ ഏഴു പ്രസിദ്ധീകരണങ്ങൾ എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. പക്ഷേ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
   കഴിഞ്ഞ നവംബർ 18 ന് ഓൺലൈനിൽ നടന്ന ഇന്റർവ്യൂവിൽ 150 നടുത്ത് റിസർച്ച് സ്‌കോറുള്ള ഡോ.പ്രിയ വർഗീസിന് 32 മാർക്കും, പ്രിയ വർഗീസിന്റെ റിസർച്ച് സ്‌കോറിന്റെ നാലിരട്ടിയുള്ള (650 നടുത്ത്) ഡോ.ജോസഫ് സ്‌കറിയക്ക് 30 മാർക്കുമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ മറ്റു ഉദ്യോഗാർഥികളായ ഡോ. സി.ഗണേഷ് (28), ഡോ.പ്രകാശൻ പി.പി (26), ഡോ.മുഹമ്മദ് റാഫിഖ് (22), ഡോ.റെജികുമാർ.ഡി (21) എന്നിങ്ങനെയാണ് മാർക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്നും പ്രിയ വർഗീസിനെ നിയമനത്തിനു വേണ്ടി സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ പറഞ്ഞ റാങ്ക് ലിസ്റ്റ് സിണ്ടിക്കേറ്റ് അംഗീകരിക്കേണ്ട നടപടിക്രമം മാത്രമാണ് ഇനി ബാക്കിയുള്ളത്. പക്ഷേ പ്രിയ വർഗീസിന്റെ അധ്യാപന പരിചയത്തെ കുറിച്ച് ഇന്റർവ്യൂവിനു മുൻപ് തന്നെ നൽകിയ പരാതികൾ നിലവിലുണ്ട്. ആയതിനാൽ സർവകലാശാല പ്രസ്തുത വിഷയം നിയമോപദേശത്തിനു വിട്ടിരിക്കുകയാണ്. 
ഇന്റർവ്യൂ ബോർഡ് തന്നെ ഒരു ഉദ്യോഗാർഥിയുടെ അഞ്ചു പ്രസിദ്ധീകരണങ്ങൾ മാത്രമേ പരിഗണിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് മിനിറ്റ്‌സിൽ വ്യക്തമാക്കുകയും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത് മാർക്ക് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. യോഗ്യത ഇല്ല എന്ന് സെലക്ഷൻ കമ്മിറ്റിക്ക് ബോധ്യമുള്ള സാഹചര്യത്തിൽ അദ്ദേഹത്തെ നിയമപരമായി ഇന്റർവ്യൂ ചെയ്യുവാൻ പാടില്ല.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ സമാന വിഷയമുണ്ടായപ്പോൾ  ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്യാതെ മടക്കിയയക്കുകയാണ് ചെയ്തിരുന്നത്. കണ്ണൂർ സർവകലാശാലക്ക് സമയമില്ല എന്ന് പറയുന്ന വൈസ് ചാൻസലർ എങ്ങനെയാണു യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികളെ കൂടി ഇന്റർവ്യൂ ചെയ്യുവാൻ സമയം കണ്ടെത്തിയത് എന്നതു വിചിത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു.
ആയതിനാൽ യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി മാർക്ക് നൽകിയിരിക്കുന്നത് ക്രമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത റാങ്ക് ലിസ്റ്റ് കാൻസൽ ചെയ്യുവാൻ വൈസ് ചാൻസലർ തയാറാകണമെന്നും, ഈ ലിസ്റ്റുമായി നിയമനത്തിനു ശ്രമിക്കുകയാണെങ്കിൽ വി.സിക്കെതിരെ നിയമ നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News