Sorry, you need to enable JavaScript to visit this website.

കോളജ് ഹോസ്റ്റലിൽനിന്നും മകളെ വിളിക്കാനെത്തിയ വീട്ടമ്മക്കും മകനും പോലിസിന്റെ അധിക്ഷേപം

പർദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നമെന്ന് പോലിസ്

കൊല്ലം - ലോക്ക്ഡൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഞായറാഴ്ച തനിക്കും മാതാവിനും പോലീസിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലായി. രാവിലെ കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസിൽ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സൽ എന്ന യുവാവ് പങ്കുവച്ചത്. പല വാഹനങ്ങളും പോകാൻ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു നിർത്തിയെന്നും, പർദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നമെന്ന് പറഞ്ഞെന്നും അഫ്‌സൽ പറയുന്നു. സഹോദരിയെ വിളിക്കാനായി ഉമ്മയോടൊപ്പം ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ഓച്ചിറ പോലീസ് സ്റ്റേഷനിലെ ഐ.എസ്.എച്ച്.ഒ വിനോദിൽ നിന്നാണ് യുവാവിനും മാതാവിനും ദുരനുഭവമുണ്ടായത്. വാഹനം തടഞ്ഞു നിർത്തിയതിന് ശേഷം തങ്ങളോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. രേഖകളും സത്യവാങ്മൂലവും കാണിച്ചിട്ടും മറ്റു പല വാഹനങ്ങൾ കടത്തിവിട്ടിട്ടും തങ്ങളോട് മാത്രം തിരിച്ചു പോകാൻ പോലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു എന്ന് അഫ്സൽ പറയുന്നു. കുളത്തൂപ്പുഴയിൽ നിന്നും ഏഴോളം ചെക്കിങും പിന്നിട്ടാണ് തങ്ങൾ ഇവിടെ വരെയെത്തിയിത് എന്ന് അറിയിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥൻ പോകാൻ അനുവദിച്ചില്ല. ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നും താൻ ഇട്ടിരിക്കുന്ന പർദ്ദ ആണോ താങ്കളുടെ പ്രശ്നം എന്നും മാതാവ് ചോദിച്ചപ്പോൾ അതേ നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്നം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി അഫ്‌സൽ പറയുന്നു. ശേഷം ഉദ്യോഗസ്ഥൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കോടതി കയറ്റുമെന്ന് പറഞ്ഞതായും അഫ്‌സൽ കൂട്ടിച്ചേർത്തു. പലരെയും ബന്ധപ്പെട്ടെങ്കിലും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെ വിളിച്ചറിയിച്ചപ്പോളാണ് തങ്ങളെ പോകാൻ അനുവദിച്ചതെന്ന് യുവാവ് പറയുന്നു. 
കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചത്തേയ്ക്ക് കോളേജ് അടച്ചതിനാലും ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി മാതാവ് രാവിലെ പുറപ്പെട്ടത് രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് മാതാവ് സ്ഥിരമായി കായംകുളത്ത് പോകുന്നത്. വീട്ടിൽ നിന്നും നാലു കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാൽ കാർ എടുത്തു വരാൻ മാതാവ് വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. മാതാവും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തിയപ്പോഴാണ് സംഭവമെന്ന് അഫ്‌സൽ പറഞ്ഞു.

Latest News