Sorry, you need to enable JavaScript to visit this website.

സൗദിയിൽ രണ്ട് വർഷത്തിന് ശേഷം 35 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്, ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം

റിയാദ്- സൗദി അറേബ്യയിലെ പ്രിലിമിനറി, കെ.ജി സ്‌കൂളുകളിലെ 35 ലക്ഷം വിദ്യാർഥികൾ രണ്ട് വർഷത്തിന് ശേഷം ഞായറാഴ്ച സ്‌കൂളിലെത്തുമ്പോഴും ഇന്ത്യൻ സ്‌കൂളുകളിൽ പലതും തുറക്കില്ല. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ രക്ഷിതാക്കളുടെ നിലപാടും ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകൾ ഒന്നിച്ചു കൊണ്ടുപോകാനുള്ള  പ്രയാസവുമാണ് പല സ്‌കൂളുകളെയും ഇക്കാര്യത്തിൽ പിന്നോട്ട് വലിക്കുന്നത്.
സൗദിയിലെ എല്ലാ സ്‌കൂളുകളിലും കെ.ജി, പ്രിലിമിനറി വിഭാഗങ്ങൾ നാളെ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളുകളിലെ പല വിദ്യാർഥികളും ഇപ്പോഴും നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല. ചില സ്‌കൂളുകളിലെ വിദ്യാർഥികളിൽ 50 ശതമാനം പേർ മാത്രമേ സൗദിയിലെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം നാട്ടിലാണ്. അതിനാൽ ഇപ്പോഴും ഓൺലൈൻ ക്ലാസ് ഒഴിവാക്കാനാവില്ല. ഓഫ് ലൈൻ ക്ലാസ് തുടങ്ങിയാൽ തന്നെ ഓൺലൈൻ ക്ലാസ് ഒഴിവാക്കാനുമാകില്ല. എന്നാൽ ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകൾ ഒന്നിച്ചുകൊണ്ടുപോകൽ പല സ്‌കുളുകൾക്കും പ്രയാസവുമാണ്.
ചില സ്‌കൂളുകൾക്ക് കുട്ടികളുടെ യാത്രാ സംവിധാനമാണ് പ്രശ്നം. ഇത്രയും കാലം സ്‌കൂൾ അടഞ്ഞുകിടന്നതോടെ ബസുകളെല്ലാം കട്ടപ്പുറത്താണ്. ഏഴാം ക്ലാസ് മുതലുള്ള കുട്ടികളെ കൊണ്ടുവരാൻ ഇപ്പോൾ താത്കാലിക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്‌കൂളിന്റെ ഫുൾ കപാസിറ്റി പ്രവർത്തിക്കുമ്പോൾ നേരത്തെയുള്ള വാഹനസൗകര്യം ഒരുക്കേണ്ടതുണ്ട്. എന്നാൽ ചില സ്‌കൂളുകൾ കെ.ജി, പ്രിലിമിനറി സ്‌കൂളുകൾ ഞായറാഴ്ച തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റു ചില സ്‌കൂളുകളിൽ  പ്രത്യേക യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ഘട്ടം ഘട്ടമായി കെ.ജി, പ്രിലിമിനറി വിഭാഗം തുറക്കാനാണ് തിരുമാനമെന്ന് റിയാദിലെ അലിഫ് ഇന്റർനാഷണൽ സ്‌കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ പറഞ്ഞു.
എല്ലാ കുട്ടികളെയും സ്‌കൂളുകളിലെത്തിക്കണമെന്നും അതിന് രക്ഷിതാക്കളും കുട്ടികളും തയ്യാറാകണമെന്നുമാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജറാകാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജറാക്കണമെന്നും മന്ത്രാലയം സർക്കുലർ വഴി ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാവരെയും സ്‌കൂളിലെത്തിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. സൗദിയിൽ പതിമൂന്നായിരത്തോളം പ്രിലിമിനറി സ്‌കൂളുകളും 4800 കെ.ജി സ്‌കൂളുകളുമുണ്ട്. കുട്ടികളെ സ്വാഗതം ചെയ്ത് ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുകയാണ് സ്‌കൂൾ അധികൃതർ. സ്‌കൂളുകളുടെ പ്രവർത്തന രീതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ സർക്കുലർ അയച്ചിരുന്നു.

Tags

Latest News