Sorry, you need to enable JavaScript to visit this website.

സൈബർ സുരക്ഷാ മേഖലയിൽ 45 ശതമാനം സൗദി വനിതകൾ

ജിദ്ദ- സൗദി അറേബ്യയിലെ സൈബർ സുരക്ഷാ മേഖലയിൽ വനിതകളുടെ എണ്ണത്തിൽ പ്രസ്താവ്യമായ വർധന. 45 ശതമാനം വനിതകൾ ഈ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നതായി സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിംഗ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
സൗദിയിൽ മിക്ക മേഖലകളിലും വനിതാ പങ്കാളിത്തം വർധിച്ചുവരികയാണ്. സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 ന്റെ വെളിച്ചത്തിൽ നടക്കുന്ന വനിതാശാക്തീകരണ പദ്ധതി ഏറ്റവും മികച്ച നിലയിൽ പുരോഗമിക്കുന്നുവെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. സൈബർ സുരക്ഷയിൽ ഫലപ്രദമായ പങ്കാളികളാകാനുള്ള കഴിവ് വനിതകൾ ഇതിനകം തെളിയിച്ചുകഴിഞ്ഞു. 
ഹിമായ അസോസിയേഷനാണ് ഈ മേഖലയിൽ വനിതകളെ ഏറ്റവും കൂടുതൽ പിന്തുണക്കുന്നത്. വനിതകൾക്കും പുരുഷന്മാർക്കും ഒരുപോലെ സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുന്നവിധം മികച്ച പരിശീലനം നൽകുന്നതിന് 2011 ലാണ് അസോസിയേഷൻ പ്രവർത്തിച്ചുതുടങ്ങിയതെന്ന് ഹിമായ ഇൻഫർമേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി സി.ഇ.ഒ അബ്റാർ അൽരിഫാഇ പറഞ്ഞു.
സൈബർ സുരക്ഷാ മേഖലയിൽ അറബി ഭാഷയുടെ അഭാവമായിരുന്നു ഹിമായ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം. എന്നാൽ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും അറബി ഭാഷയുടെ വിടവ് നികത്താൻ സാധിച്ചതായി അവർ വ്യക്തമാക്കി.
ഇന്റർനെറ്റിലെ അപകടങ്ങളെ കുറിച്ച് സമൂഹത്തിൽ വ്യക്തമായ ആസൂത്രണം വഴി ബോധവൽക്കരണം നടത്തിയ ഹിമായ സൈബർ സുരക്ഷയുടെ പ്രാധാന്യം അവരെ ബോധിപ്പിക്കുന്നതിൽ വിജയിച്ചുവെന്നും അവർ അവകാശപ്പെട്ടു. 
പുരുഷന്മാരുടേതു പോലെ വനിതകളുടെയും സാന്നിധ്യം വർധിപ്പിക്കാൻ ഹിമായ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. ഇതിനുവേണ്ടി 'ഹിമായ-ടി' എന്ന പേരിൽ പ്രത്യേകമായ ഒരു കമ്യൂണിറ്റി സ്ഥാപിച്ചതായും അബ്‌റാർ അൽരിഫാഇ പറഞ്ഞു. നൗഫ് യൂസുഫ് ആണ് 'ഹിമായ-ടി'യുടെ സൂപ്പർവൈസർ. സൗദി മാനവ വിഭവശേഷി-നസാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്താണ് ഹിമായ പ്രവർത്തിക്കുന്നത്. വിവരസുരക്ഷാ മേഖലയിൽ അവബോധവും പരിശീലനവും നൽകുന്നതിന് മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. 
ഹിമായ അസോസിയേഷന് ലഭിക്കുന്ന അപേക്ഷകൾ പ്രകാരം പ്ലാനുകളും കൺസൾട്ടേഷനുകളും പ്രത്യേക കോഴ്സുകളും നൽകിവരുന്നുണ്ടെന്ന് നൗഫ് വ്യക്തമാക്കി. കമ്പനികളിലും ബാങ്കുകളിലും മറ്റു സ്വകാര്യമേഖലാ സംരംഭങ്ങളിലും സൈബർ സെക്യൂരിറ്റി മേഖലകളിൽ ജോലി ചെയ്യാനുള്ള അവസരങ്ങൾ വർധിച്ചതിനാൽ സർവകലാശാലകളിലെ പുതിയ ബിരുദധാരികളുടെ എണ്ണവും ഗണ്യമായി വർധിക്കാൻ തുടങ്ങിയെന്ന് നൗഫ് അൽയൂസുഫ് വിശദമാക്കി.

Tags

Latest News