Sorry, you need to enable JavaScript to visit this website.

സൗദിയിൽ അഭൂതപൂർവമായ ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്- സൗദി അറേബ്യയിലെ മിക്ക നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അഭൂതപൂർവമായ ശൈത്യമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ നഗരങ്ങളിൽ ശരാശരി മൈനസ് മൂന്ന് ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. 
മൈനസ് ആറ് ഡിഗ്രി ശൈത്യം അനുഭവപ്പെട്ട വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫ് നഗരത്തിൽ രേഖപ്പെടുത്തിയത് 30 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ താപനിലയാണ്. അതേസമയം ജോർദാൻ അതിർത്തിയിലെ ഖുറയ്യാത്ത് നഗരത്തിൽ മൈനസ് 2 ഡിഗ്രി താപനില രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മറ്റൊരു വടക്കൻ നഗരമായ ഹായിലിലും സമാനമായ താപനിലയാണ് രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ മധ്യപ്രവിശ്യകളിൽ താപനില വരുംദിവസങ്ങളിൽ പൂജ്യത്തിന് താഴെയായി രേഖപ്പെടുത്തുമെന്നും തലസ്ഥാന നഗരിയായ റിയാദിൽ ഇത് മൈനസ് മൂന്നിലെത്തുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൈബീരിയയിൽ നിന്നുള്ള ശീതക്കാറ്റ് സൗദിയുടെ വിശാലമായ ഭൂപ്രദേശം തൂത്തുവാരിക്കൊണ്ടിരിക്കുന്നതാണ് അതിശൈത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്.
വെള്ളിയാഴ്ച റിയാദിൽ ഉച്ച സമയത്തെ താപനില എട്ട് ഡിഗ്രിയായിരുന്നു. വിശ്വാസികൾ തണുപ്പിനെ നേരിടാനുള്ള മുൻകരുതലുമായാണ് ജുമുഅക്ക് പള്ളികളിലേക്ക് പുറപ്പെട്ടതെന്നും ഔട്ട്‌ഡോർ കഫേകൾ അടഞ്ഞുകിടന്നുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു.

Tags

Latest News