Sorry, you need to enable JavaScript to visit this website.

ഭൗമിക് -കളിക്കാരുടെ കോച്ച്

കൊല്‍ക്കത്ത - ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണദശയുടെ അവസാന ഘട്ടത്തില്‍ വലതു വിംഗിലെ വെള്ളിടിയായിരുന്നു അന്തരിച്ച സുഭാഷ് ഭൗമിക് (72). ക്ലബ് പരിശീലകനാവും മുമ്പെ ഇന്ത്യന്‍ ടീമിന്റെ ചുമതലയേറ്റെടുത്ത് പരിശീലക കരിയര്‍ തുടങ്ങിയ അദ്ദേഹം തുടര്‍ച്ചയായി രണ്ടു തവണ ഈസ്റ്റ് ബംഗാളിന് ദേശീയ ലീഗ് കിരീടം നേടിക്കൊടുത്തിരുന്നു. പിന്നീട് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയരക്ടറെന്ന നിലയില്‍ ആ ഇരട്ട വിജയം ആവര്‍ത്തിച്ചു. 2003 ല്‍ ഈസ്റ്റ്ബംഗാളിനെ ആസിയാന്‍ കപ്പ് വിജയത്തിലേക്ക് നയിച്ചതാണ് ഭൗമിക്കിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. അംഗീകൃത ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ചാമ്പ്യന്മാരായത്. 
ഭൗമിക് പരിശീലിപ്പിച്ച ടീമുകളുടെ കളി നയനാനന്ദകരമായിരുന്നു. കളിക്കാരെ കണ്ടെത്തുന്നതിലും അവരുടെ ആത്മവീര്യമുയര്‍ത്തുന്നതിലും മിടുക്കനായിരുന്നു. സെയ്ദ് റഹീം നബി, സുനില്‍ ഛേത്രി തുടങ്ങിയവരുടെ കരിയര്‍ പുനരുജ്ജീവിപ്പിച്ചത് ഭൗമിക്കാണ്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെക്കുറിച്ച് ത്രസിപ്പിക്കുന്ന ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ജീവിതം ആസ്വദിച്ചു നടന്ന ഭൗമിക്കിനെ അച്ചടക്കത്തിലേക്ക് നയിച്ചത് വിവാഹമായിരുന്നു. എന്നാല്‍ നാലാം വയസ്സില്‍ മകന്‍ മരണപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഒരു മകനും മകളും ജീവിച്ചിരിപ്പുണ്ട്. 
കിഡ്‌നി തകരാറും നെഞ്ചു വേദനയുമായി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൗമിക്. 23 വര്‍ഷം മുമ്പ് ഹൃദ്രോഗത്തത്തുടര്‍ന്ന് ബൈപാസ് സര്‍ജറിക്കും വിധേയനായിരുന്നു. 1950 ലെ ഗാന്ധിജയന്തി ദിനത്തില്‍ ബിഹാറില്‍ ജനിച്ച ഭൗമിക് കൊല്‍ക്കത്തയിലെ രാജസ്ഥാന്‍ ക്ലബ്ബിലാണ് കരിയര്‍ ആരംഭിച്ചത്. അഞ്ചു സീസണില്‍ ഈസ്റ്റ്ബംഗാളിനും ആറു സീസണില്‍ മോഹന്‍ബഗാനും വേണ്ടി കളിച്ചു. 1970 ലെ മെര്‍ദേക്ക കപ്പിലാണ് ആദ്യം ഇന്ത്യന്‍ കുപ്പായമിട്ടത്. അന്ന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 1970 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1971 ല്‍ സിംഗപ്പൂരില്‍ പെസ്റ്റ സുകാന്‍ കപ്പ് നേടുകയും ആ വര്‍ഷം സോവിയറ്റ് പര്യടനവും നടത്തുകയും ചെയ്ത ഇന്ത്യന്‍ ടീമില്‍ കളിച്ചു. 24 തവണ ഇന്ത്യന്‍ കുപ്പായമിട്ടു. 
പതിനെട്ടാം വയസ്സില്‍ സന്തോഷ് ട്രോഫിയില്‍ അരങ്ങേറി. ഏഴു സന്തോഷ് ട്രോഫിയില്‍ ബംഗാളിനെ പ്രതിനിധീകരിച്ചു. നാലു തവണ കിരീടം നേടി. സന്തോഷ് ട്രോഫിയില്‍ 24 ഗോളടിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനു വേണ്ടി 82 ഗോളും ബഗാനു വേണ്ടി 84 ഗോളും സ്‌കോര്‍ ചെയ്തു. 1978 ലെ കോഴിക്കോട് സേഠ് നാഗ്ജി ട്രോഫിയുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ നേടി. 1980 ലാണ് വിരമിച്ചത്. 
പരിശീലകനെന്ന നിലയില്‍ ആധുനിക രീതികള്‍ക്കു പ്രാധാന്യം നല്‍കുകയും ഫിറ്റ്‌നസിന് മുന്‍തൂക്കം നല്‍കുകയും ചെയ്തു അദ്ദേഹം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഫിറ്റ്‌നസ് ട്രയ്‌നറെ അദ്ദേഹം കൊണ്ടുവന്നു. കളിക്കാര്‍ക്ക് ആഹ്ലാദകരമായ. സാഹചര്യം സൃഷ്ടിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഈസ്റ്റ്ബംഗാള്‍ കളിക്കാര്‍ താമസിച്ചത്. ഈസ്റ്റ്ബംഗാള്‍ ക്ലബ് സമഗ്രസേവനത്തിനുള്ള പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

Latest News