Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസിലെ 'മാഡ'ത്തിലേക്ക് അന്വേഷണം കൊണ്ടു പോകാതെ പോലീസ്

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ 'മാഡ'ത്തലേക്ക് അന്വേഷണം ചെന്നെത്താത്തത് ദുരൂഹത സൃഷ്ടിക്കുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനി ഇത് 'മാഡ'ത്തിന് വേണ്ടിയാണെന്ന് പറഞ്ഞതായി നടിയും മാഡം പറഞ്ഞിട്ടാണെന്ന് പൾസർ സുനിയും കേസിന്റെ തുടക്കത്തിൽ വെളിപ്പെടുത്തിയിട്ടും ഇതുവരെയും 'മാഡ'ത്തെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാത്തത് എന്താണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അന്വേഷണ ഉദ്യോഗസ്ഥരാരും ഇതുവരെയും നൽകിയിട്ടില്ല. ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ദിലീപിന്റെ ശബ്ദരേഖയിലും ആ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച് അവസാനം താൻ കുടുങ്ങിയെന്ന പരാമർശമുണ്ട്. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് ഗൗരവതരമായി അന്വേഷിക്കാൻ സാധ്യതയില്ലെന്നാണ് കേസ് തുടക്കം മുതൽ നിരീക്ഷിക്കുന്ന ചില പ്രമുഖർ നൽകുന്ന സൂചന. 
നടിയെ ആക്രമിച്ചതിന് പിന്നിൽ ഒരു സ്ത്രീയാണെന്ന കാര്യം സിനിമാ വൃത്തങ്ങളിലെ സജീവ ചർച്ചാ വിഷയമാണ്. ഇവർ ആരാണെന്ന് പലർക്കും വ്യക്തമായി അറിയാം. എന്നാൽ പരസ്യമായി ഇതേക്കുറിച്ച് പറയാൻ അവർ തയ്യാറല്ല. കേസിൽ 'മാഡ'ത്തിന്റെ പങ്ക് വ്യക്തമാണെന്ന് ദിലീപിനെതിരെ തുടക്കം മുതൽ നിലപാടെടുത്ത ലിബർട്ടി ബഷീർ പറയുന്നു. ഈ സ്ത്രീയിലേക്ക് അന്വേഷണം എത്തിയ ഘട്ടത്തിൽ ഭരണകക്ഷിയിലെ പ്രമുഖർ ഇടപെട്ട് ഇവരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന അന്വേഷണവും ദിലീപിനപ്പുറം 'മാഡ'ത്തിലേക്ക് എത്തില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. 
മാഡത്തിന് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് പൾസർ സുനി തന്നോട് പറഞ്ഞിരുന്നതായി അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. സംഭവം നടന്നയുടൻ പൾസർ സുനിയുടെ രണ്ട് സുഹൃത്തുക്കൾ നിയമസഹായത്തിനായി തന്നെയാണ് സമീപിച്ചത്. 
മാവേലിക്കര കോടതിയിൽ കീഴടങ്ങാമെന്ന് താൻ പറഞ്ഞപ്പോൾ മാഡത്തോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് അവർ ഫോണിൽ ആരെയോ ബന്ധപ്പെട്ട ശേഷമാണ് അതിന് സമ്മതമാണെന്ന് അറിയിച്ചത്. പിന്നീട് മറ്റൊരു അഭിഭാഷകന്റെ സഹായത്തോടെ എറണാകുളത്തെ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ പൾസർ സുനിയെ പോലീസ് പിടികൂടുകയായിരുന്നു. അന്ന് തന്നെ വന്നു കണ്ട രണ്ടു പേരെക്കുറിച്ചും അവർ പറഞ്ഞ മാഡത്തെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് അന്ന് തന്നെ പറഞ്ഞിരുന്നുവെങ്കിലും ഇതിലേക്ക് അന്വേഷണം പോയില്ല. തന്നെ വന്നു കണ്ട രണ്ടു പേർ ആരാണെന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. അവരെ കണ്ടെത്തി അവരുടെ കാൾ ഡീറ്റെയ്ൽസ് പരിശോധിച്ചിരുന്നെങ്കിൽ മാഡം ആരാണെന്ന് അന്ന് തന്നെ മനസ്സിലാക്കാൻ കഴിയുമായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണൻ പറയുന്നു. ഇതുവരെയും ആ വഴിക്ക് അന്വേഷണം നടത്താൻ പോലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച ശേഷം പ്രതികൾ പോയത് കാവ്യാ മാധവന്റെ അമ്മ നടത്തുന്ന കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തിലേക്കായിരുന്നു. എന്നാൽ ലക്ഷ്യയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ മാഡത്തിൽ അന്വേഷണം കേന്ദ്രീകരിക്കേണ്ടതില്ലെന്ന് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലക്കാരിയായ എ.ഡി.ജി.പി ബി. സന്ധ്യ നിലപാട് എടുക്കുകയായിരുന്നു. 
കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ബി .സന്ധ്യയും ഡി .ജി .പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി നിയമവിദഗ്ധനായ അഡ്വ. അജകുമാർ വെളിപ്പെടുത്തുന്നു. ദിലീപിനെ കേസിൽ പ്രതിയാക്കുന്നതിനെ ബെഹ്‌റ ശക്തമായി എതിർത്തു. ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രതികൾ ദിലീപിന്റെ പേര് പറഞ്ഞത് എന്നായിരുന്നു ബെഹ്‌റയുടെ നിലപാട്.  എന്നാൽ സി .പി. എമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന ബി. സന്ധ്യ ഡി .ജി .പിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ദിലീപിന്റെ പങ്ക് ധരിപ്പിച്ചതോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം വന്നത്. 
പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുമ്പോൾ മാഡത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പറയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ മാഡത്തെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയൂവെന്ന് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരത്തിൽ ഒരു മൊഴി ദിലീപ് കൊടുക്കാനുള്ള സാധ്യത വിരളമാണ്. അന്വേഷണം മാഡത്തിലേക്ക് പോയാൽ ദിലീപിനെതിരായ കേസ് ദുർബലമാകുമെന്നതിനാൽ ഇതേക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് വിചാരണ അവസാനിക്കാൻ പോകുന്ന ഈ ഘട്ടത്തിൽ പ്രസക്തിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന ഉപദേശം.

Latest News