Sorry, you need to enable JavaScript to visit this website.

ദുബായിൽ ഫ്ളാറ്റിൽനിന്ന് കുപ്പി വീണ് പരിക്കേറ്റ ഒമാനി യുവാവിന് ദാരുണാന്ത്യം 

ദുബായ് - ഫ്ളാറ്റിൽനിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒമാനി യുവാവ് മരണത്തിന് കീഴടങ്ങി. ദുബായ് മറീനയിലെ ജുമൈറ ബീച്ച് റസിഡൻസിന് സമീപമാണ് സംഭവം. ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്ന് ആരോ വലിച്ചെറിഞ്ഞ കുപ്പി യുവാവിന്റെ തലയിൽ ശക്തമായി പതിക്കുകയായിരുന്നു. സുലൈമാൻ ബിൻ ഇബ്രാഹിം അൽ ബലൂഷിയാണ് മരിച്ചത്. 
വടക്കൻ ഒമാനിലെ ശർഖിയ്യ മേഖലയിലെ ജലാൻ ബാനി ബുഹസ്സൻ പ്രവിശ്യയിൽ താമസിക്കുന്നയാളാണ് അൽബലൂഷി. ജനുവരി നാലിന് സുഹൃത്തിനൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ബർഷ സൗത്തിലെ മെഡിക്ലിനിക് പാർക് വ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തിലധികം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.  
സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം ഇതുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് ഒരാളെ പിടികൂടി. സി.സി ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചതെന്നാണ് നിഗമനം. 
ദുബായ് മറീനയിലെ ഉയരം കൂടിയ ടവറുകളുടെ സമുച്ചയമാണ് ജുമൈറ ബീച്ച് റെസിഡൻസ്. അതിനു ചുറ്റും നിർമിച്ച പ്രൊമനേഡ് വിനോദ സഞ്ചാരികളുടെയും തദ്ദേശവാസികളുടെയും ഉല്ലാസ കേന്ദ്രമാണ്. റസിഡെൻസിൽ താമസിക്കുന്നവർ താഴേക്ക് ഒന്നും എറിയാൻ പാടില്ല എന്ന കർശനമായ നിയമം ഉണ്ടെങ്കിലും പലപ്പോഴും അത് ലംഘിക്കപ്പെടുന്നുവെന്ന് ദുബായ് പോലീസ് കമാണ്ട് ആന്റ് കൺട്രോൾ സെന്റർ മേധാവി ജമാൽ അൽജലാഫ് പറഞ്ഞു. 
അറസ്റ്റിലായ ഏഷ്യൻ വംശജനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ക്രിമിനൽ ഡാറ്റ അനാലിസിസ് സെന്റർ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തുടർനടപടികൾക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറിയതായും ജമാൽ അൽജലാഫ് വ്യക്തമാക്കി.   

Tags

Latest News