Sorry, you need to enable JavaScript to visit this website.

പ്രീമിയം ഇഖാമ: കോൾ സെന്റർ നടത്തിപ്പ് ഐ.ടി കമ്പനിയെ ഏൽപിക്കുന്നു

റിയാദ് - പ്രീമിയം ഇഖാമ സെന്ററിനു കീഴിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഏകീകൃത കോൾ സെന്റർ നടത്തിപ്പ് ഐ.ടി കമ്പനിയെ ഏൽപിക്കാൻ പ്രീമിയം ഇഖാമ സെന്റർ ആലോചിക്കുന്നു. കോൾ സെന്റർ നടത്തിപ്പ് ഐ.ടി കമ്പനിയെ ഏൽപിക്കുന്നതിലൂടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് പ്രീമിയം ഇഖാമ സെന്റർ ശ്രമിക്കുന്നത്. പ്രീമിയം ഇഖാമ സെന്റർ ഉപയോക്താക്കൾക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
പ്രീമിയം ഇഖാമ സെന്റർ ഉപയോക്താക്കളുടെ അനുഭവവും സംതൃപ്തിയും മെച്ചപ്പെടുത്തുന്നതിൽ കോൾ സെന്റർ വലിയ പങ്ക് വഹിക്കും. ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന കോൾ സെന്റർ പ്രവർത്തിപ്പിക്കാൻ ഈ രംഗത്ത് വലിയ പരിചയസമ്പത്തുള്ള ഐ.ടി കമ്പനിയെ തെരഞ്ഞെടുക്കാനാണ് പ്രീമിയം ഇഖാമ സെന്റർ ശ്രമിക്കുന്നത്. 
2019 മെയ് 14 ന് ആണ് സൗദിയിൽ പ്രീമിയം ഇഖാമ സെന്റർ സ്ഥാപിച്ചത്. കുടുംബത്തോടൊപ്പം സൗദിയിൽ സ്ഥിരതാമസത്തിനുള്ള ഇഖാമ, ബന്ധുക്കൾക്കുള്ള വിസിറ്റ് വിസകൾ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസകൾ, പാർപ്പിട, വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്ക് മക്കയും മദീനയും അതിർത്തി പ്രദേശങ്ങളും ഒഴികെയുള്ള സ്ഥലങ്ങളിൽ സ്വന്തം ഉടമസ്ഥതയിൽ റിയൽ എസ്റ്റേറ്റുകൾ വാങ്ങൽ, മക്കയിലെയും മദീനയിലെയും റിയൽ എസ്റ്റേറ്റുകൾ 99 വർഷത്തിൽ കവിയാത്ത കാലത്തേക്ക് ലീസിനെടുക്കൽ, സ്വകാര്യ വാഹനങ്ങൾ സ്വന്തമാക്കൽ, സ്വകാര്യ മേഖലയിൽ സൗദിവൽക്കരിച്ചതല്ലാത്ത തൊഴിലുകളിൽ കുടുംബാംഗങ്ങൾക്ക് ജോലി ചെയ്യാനും തൊഴിൽ മാറാനുമുള്ള അനുമതി, സ്വന്തം നിലക്ക് റീ-എൻട്രി, എയർപോർട്ടുകളിൽ സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കാനുള്ള അനുമതി, ബിസിനസ് അനുമതി എന്നിവയെല്ലാം പ്രീമിയം ഇഖാമ ഉടമകൾക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളാണ്. 
 

Tags

Latest News