Sorry, you need to enable JavaScript to visit this website.

ഡ്യൂട്ടി സമയം കഴിഞ്ഞു; പൈലറ്റ്  യാത്ര തുടരാൻ വിസമ്മതിച്ചു 

ദമാം എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം 

ദമാം- ഡ്യൂട്ടി സമയം അവസാനിച്ചെന്ന സാങ്കേതിക കാരണം പറഞ്ഞ് പൈലറ്റ് യാത്ര തുടരാൻ വിസമ്മതിച്ചത് ദമാമിൽ യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായി. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻ പൈലറ്റാണ് വിചിത്രമായ വാദം ഉന്നയിച്ച് യാത്രക്കാരെ അമ്പരിപ്പിച്ചത്. റിയാദിൽനിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പി.കെ 9754 വിമാനം മോശം കാലാവസ്ഥയുടെ കാരണം പറഞ്ഞ് പൈലറ്റ് ദമാമിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. പിന്നീടാണ് ഡ്യൂട്ടി സമയം അവസാനിച്ചെന്ന് പറഞ്ഞ് വിമാനത്തിൽനിന്ന് ഇറങ്ങി യാത്ര തുടരാൻ വിസമ്മതിച്ചത്.  
തുടർന്ന് വിമാനത്തിൽനിന്ന് യാത്രക്കാരെ ഇറക്കാൻ പി.ഐ.എ അധികൃതർ ശ്രമിച്ചെങ്കിലും അവർ സമ്മതിക്കാതെ വിമാനത്തിലിരുന്ന് പ്രതിഷേധിച്ചു. സ്ഥിതിഗതികൾ സംഘർഷ ഭരിതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ രംഗത്തു വന്നു. രാവിലെ 9.10 ന് പുറപ്പെട്ട് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വിമാനം ഇസ്ലാമബാദിൽ എത്തേണ്ടതായിരുന്നു. 
പൈലറ്റിന് വിശ്രമം ആവശ്യമായതിനാൽ സഹകരിക്കണമെന്ന് എയർലൈൻസ് അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. വിമാനം രാത്രി 11 മണിയാവുമ്പോഴേക്ക് ഇസ്ലാമാബാദിൽ എത്തുമെന്നും അതുവരെ ഹോട്ടലിൽ താമസ സൗകര്യം ലഭ്യമാക്കാമെന്നും ഉറപ്പു നൽകിയതിന് ശേഷമാണ് അവർ വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയത്. 


 

Tags

Latest News