Sorry, you need to enable JavaScript to visit this website.

റേഷൻപ്രതിസന്ധി നീളുന്നു; ക്രമീകരണം 25 വരെ നീട്ടി

ജനുവരിയിലെ റേഷൻ വിതരണം എങ്ങുമെത്തിയില്ല

കൊച്ചി- സെർവർ തകരാറിനെ തുടർന്നുള്ള റേഷൻ വിതരണ പ്രതിസന്ധി നീളുന്നു. ജനുവരി 18 വരെയുള്ള ജില്ല തിരിച്ചുള്ള വിതരണ ക്രമീകരണം 25 വരെ ദീർഘിപ്പിച്ചു. ഒപ്പം റേഷൻ കടകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കുകയും ചെയ്തു. സെർവർ തകരാർ എന്ന് പരിഹരിക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കാത്ത സാഹചര്യത്തിൽ ജനുവരിയിലെ റേഷൻ വിതരണം എങ്ങുമെത്തിയിട്ടില്ല. 
ജനുവരി മാസത്തേക്കുള്ള റേഷൻ വിഹിതം, വെള്ളക്കാർഡുകാർക്ക് അനുവദിച്ച അധിക അരി, പ്രധാനമന്ത്രി യോജന പ്രകാരമുള്ള സൗജന്യ അരിയും ഗോതമ്പും, ഡിസംബർ മാസത്തെ അധിക മണ്ണെണ്ണ വിഹിതം, നീല- വെള്ള കാർഡുകാർക്കുള്ള പച്ചരി അടക്കമുള്ള സ്പെഷ്യൽ അരി തുടങ്ങിയവ വിതരണത്തിനായി റേഷൻ കടകളിലെത്തിയ ഘട്ടത്തിലാണ് സെർവർ തകരാറായത്. റേഷൻ കടകളിലെ ഇ-പോസ് മെഷീൻ പ്രവർത്തനം നിലച്ചതോടെ കടയുടമകൾ കാർഡുടമകൾക്കുള്ള വിതരണ ഇനങ്ങളുണ്ടായിട്ടും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ്. മാസം പകുതി പിന്നിട്ടിട്ടും അരി വാങ്ങാൻ കഴിയാതെ കടകൾക്ക് മുന്നിൽ കാത്തിരിപ്പിലാണ് കാർഡുടമകൾ.
ദിവസങ്ങളായി തുടരുന്ന സെർവർ തകരാർമൂലം കടക്കാരും കാർഡുടമകളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയിലുമെത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി സർക്കാർ ജില്ലാടിസ്ഥാനത്തിൽ റേഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതിലും പോരായ്മകളുണ്ടെന്നാണ് കടയുടമകളും കാർഡുടമകളും പറയുന്നത്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ഇടുക്കി, കോട്ടയം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഉച്ചക്ക് മൂന്ന് മണി മുതൽ ഏഴ് മണി വരെയുമാണ് പ്രവർത്തന സമയം. നിലവിലെ ക്രമീകരണത്തിലും സെർവർ തകരാറിനെ തുടർന്നുള്ള മെഷീൻ പ്രവർത്തന പ്രതിസന്ധി തുടരുകയാണ്.  
91.8 ലക്ഷം റേഷൻ കാർഡുള്ള സംസ്ഥാനത്ത് ഇതിനകം 20 ലക്ഷത്തിൽ താഴെ കാർഡുടമകൾക്കേ ഈ മാസത്തെ റേഷൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ശരാശരി 84- 85 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങാനെത്തുന്നതെന്നാണ് പ്രാഥമിക വിവരം. നിലവിലെ സ്ഥിതിയിൽ വരും ദിവസങ്ങളിൽ കാർഡുടമകൾ കൂടുതലായെത്തുന്നത് പ്രതിസന്ധി ഇരട്ടിയാക്കും.

Latest News