Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ 306 മില്യൺ റിയാൽ ചെലവിൽ  ജല, പരിസ്ഥിതി പദ്ധതികൾ യാഥാർഥ്യമായി

നജ്‌റാനിൽ 306 മില്യൺ റിയാൽ ചെലവിൽ പൂർത്തിയാക്കിയ ജല-പരിസ്ഥിതി പദ്ധതികൾ ഗവർണർ ജലവി ബിൻ അബ്ദുൽഅസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.
  • ഗവർണർ ഉദ്ഘാടനം ചെയ്തു

നജ്‌റാൻ- പ്രവിശ്യയിൽ 306 മില്യൺ റിയാൽ ചെലവഴിച്ച് നടപ്പിലാക്കിയ ജലസേചന, പരിസ്ഥിതി പദ്ധതികൾ ഗവർണർ ജലവി ബിൻ അബ്ദുൽഅസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവനം ചെയ്ത ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങളുടെ ഭാഗമായാണ് പ്രവിശ്യയിൽ വൻകിട പദ്ധതികൾ നടപ്പിലാക്കുന്നത്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പാരിസ്ഥിതിക പ്രശ്‌നം. ഈ വെല്ലുവിളിയെ തരണം ചെയ്യുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 ഇതിന് വലിയ ഊന്നൽ നൽകുന്നതായും ഗവർണർ വ്യക്തമാക്കി. 
രാജ്യത്തിന്റെ നാനാഭാഗത്തും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും സ്ഥായിയായ കൃഷി സംസ്‌കാരം പരിപോഷിപ്പിക്കാനും വിഷൻ 2030 പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്ത കൈവരിക്കുന്നതിനും ജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും ഇത്തരം പദ്ധതികൾ വലിയ തോതിൽ സഹായകമാകും.
പ്രവിശ്യയിലെ 63,000 ത്തിലേറെ ജനങ്ങൾക്ക് പ്രയോജനം സിദ്ധിക്കുന്ന ഏഴ് വൻകിട പദ്ധതികൾക്കാണ് ഗവർണർ ഇന്നലെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. സൗദി ജല-കാർഷിക-പരിസ്ഥിതി വകുപ്പ് മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽമുഹ്‌സിൻ അൽഫദ്‌ലി, നാഷണൽ വാട്ടർ കമ്പനി സി.ഇ.ഒ എൻജി. നമിർ അൽശിബിൽ എന്നിവരും മന്ത്രാലയത്തിലെയും കമ്പനിയിലെയും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. 
നജ്‌റാനിൽ തുടക്കം കുറിച്ച പദ്ധതികളിൽ മൂന്നെണ്ണം ദേശീയ ജല കമ്പനിയുടെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയതെന്ന് മന്ത്രി എൻജി. അൽഫദ്‌ലി പറഞ്ഞു. 
200 കിലോ മീറ്റർ എന്ന തോതിൽ ജലവിതരണ ശൃംഖല കൂടുതൽ വ്യാപിപ്പിക്കുന്നതിനായി നിർമിച്ച 3300 ചതുരശ്ര മീറ്റർ വരുന്ന ജലസംഭരണികളും ഏകദേശം 10,000 വരുന്ന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന 2480 ഹൗസ് വാട്ടർ കണക്ഷനുകളുമാണ് ദേശീയ ജല കമ്പനിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കിയത്. ഈ പദ്ധതികൾക്ക് മാത്രം 60 മില്യൺ റിയാൽ ചെലവ് വന്നിട്ടുണ്ട്. നജ്‌റാൻ നഗരത്തിലും ഖബാഷ്, ഹബൂന മേഖലകളിലുമായി ആറ് ജില്ലകളിലേക്ക് ജല പദ്ധതികളും ഇന്നലെ ഗവർണർ ഉദ്ഘാടനം ചെയ്തവയിൽ ഉൾപ്പെടും -മന്ത്രി വിശദമാക്കി. 
ഇതിന് പുറമെ, പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മൂന്ന് പദ്ധതികളും ദേശീയ ജല കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. നജ്‌റാൻ നഗരത്തിലെ എട്ട് ജില്ലകളിലെയും ശറൂറ മേഖലയിലെ ഏതാനും പ്രദേശങ്ങളിലെയും പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച 178 കിലോ മീറ്റർ ദൈർഘ്യം വരുന്ന മെയിൻ, സബ് വാട്ടർ ലൈനുകളും ഇന്നലെ മുതൽ പ്രവർത്തന സജ്ജമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

Tags

Latest News