Sorry, you need to enable JavaScript to visit this website.

ബോറിസിന്റെ പിൻഗാമിയായി സുനകിനെ ഉയർത്തിക്കാട്ടി ബ്രിട്ടീഷ് മാധ്യമങ്ങൾ

ലണ്ടൻ- പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് ലോക്ഡൗൺ കാലത്ത് പാർട്ടി നടത്തിയെന്ന വിവാദത്തിൽ പെട്ടതോടെ പിൻഗാമിയെ തേടി ബ്രിട്ടീഷ് മാധ്യമങ്ങൾ. പുറത്തു വന്ന വിവരങ്ങൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ജോൺസന് എല്ലാം സമ്മതിക്കേണ്ടി വന്നു. പാർലമെന്റിൽ പരസ്യമായാ മാപ്പ് പറഞ്ഞാണ് ആരോപണങ്ങൾക്ക് താത്കാലിക തടയിട്ടത്. ഇതോടെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങി. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജനായ ചാൻസലർ റിഷി സുനകിന് സാധ്യതയേറെയെന്നാണ്  മാധ്യമങ്ങൾ പറയുന്നത്. 
ബോറിസിന്റെ രാജിയുണ്ടായാൽ നോർത്ത് യോർക്‌ഷെയറിലെ റിച്ച്മണ്ടിൽ നിന്നുളള റിഷി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചന ശക്തമാണ്. നേരത്തെ തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രിയായിരുന്നു സുനക്. ബ്രിട്ടീഷ് പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കർ കൂടിയാണ്. 41 കാരനായ സുനക് ഗോൾഡ്മാൻ സാച്ചസിൽ ആയിരുന്നു നേരത്തെ പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാർലമെന്റിൽ ധനമന്ത്രാലയത്തിന്റെ ചുമതലയിൽ എത്തുന്ന പ്രായം കുറഞ്ഞവരിൽ ഒരാൾ കൂടിയാണ് റിഷി. 
2015 ലാണ് അദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി എം.പിയാണ് സുനക്. പാർട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടി.വി ഷോകളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്. പാർട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. 
രാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പ് വൻകിട നിക്ഷേപക കമ്പനിക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോർഡിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും എംബിഎ നേടി.
ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഭാര്യ. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കൾ.  

Latest News