Sorry, you need to enable JavaScript to visit this website.

യു.എ.ഇ കപ്പൽ വിട്ടയക്കണമെന്ന് അറബ് ലീഗും രക്ഷാ സമിതിയും

റിയാദ്- ഹൂത്തി മിലീഷ്യകൾ തട്ടിക്കൊണ്ടുപോയ യു.എ.ഇ ചരക്കുകപ്പൽ റവാബി ഉടനടി വിട്ടയക്കണമെന്ന് അറബ് ലീഗും യു.എൻ രക്ഷാ സമിതിയും ആവശ്യപ്പെട്ടു. അൽഹുദൈദ തുറമുഖത്തിനു സമീപം അന്താരാഷ്ട്ര ജലാതിർത്തിയിൽ വെച്ച് ഹൂത്തികൾ തട്ടിയെടുത്ത യു.എ.ഇ കപ്പലും കപ്പലിലെ ജീവനക്കാരെയും ഉടനടി വിട്ടയക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് ആവശ്യപ്പെട്ടു. ഹൂത്തികൾ നടത്തിയത് കടൽ കൊള്ളയാണ്. ഇതിനെ അറബ് ലീഗ് അപലപിക്കുന്നു. 
യു.എ.ഇ കപ്പൽ റാഞ്ചിയ നടപടി ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. അന്താരാഷ്ട്ര നിയമം സ്ഥിരീകരിച്ച സ്വതന്ത്ര കപ്പൽ ഗതാഗത നയത്തിന്റെ ലംഘനമാണിത്. സ്വതന്ത്ര കപ്പൽ ഗതാഗതത്തിനുള്ള ഭീഷണി നിരവധി രാജ്യങ്ങളുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും മേഖലയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാതയിൽ സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പുവരുത്താനും ജീവനും വസ്തുവകകളും സംരക്ഷിക്കാനും ഹൂത്തികളുടെ കടൽ കൊള്ളയും തട്ടിക്കൊണ്ടുപോകലും ശക്തമായി ചെറുക്കേണ്ടതുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു. 


യു.എ.ഇ ചരക്കുകപ്പൽ ഹൂത്തികൾ തട്ടിക്കൊണ്ടുപോയതിനെ യു.എൻ രക്ഷാസമിതി അംഗങ്ങൾ ഏകകണ്‌ഠേന അപലപിച്ചു. കപ്പലും കപ്പലിലെ ജീവനക്കാരെയു ഉടനടി വിട്ടയക്കണമെന്ന് രക്ഷാ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിട്ടയക്കുന്നതു വരെ കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും രക്ഷാ സമിതി ഹൂത്തികളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഏദൻ ഉൾക്കടലിലും ചെങ്കടലിലും സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും രക്ഷാ സമിതി പറഞ്ഞു.
ജനുവരി മൂന്നിനാണ് യു.എ.ഇ ചരക്കു കപ്പൽ ഹൂത്തികൾ തട്ടിക്കൊണ്ടുപോയത്. മുതിർന്ന ഇറാൻ ജനറൽ ഖാസിം സുലൈമാനി അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികം ഇറാൻ വിപുലമായി ആചരിക്കുന്നതിനിടെയാണ് യു.എ.ഇ കപ്പൽ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ തട്ടിക്കൊണ്ടുപോയത്. യെമനിലെ ഏറ്റവും പ്രധാന തുറമുഖമായ അൽഹുദൈദക്കു സമീപം വെച്ചാണ് ഹൂത്തികൾ കപ്പൽ തട്ടിക്കൊണ്ടുപോയത്. സൈനിക ഉപകരണങ്ങൾ വഹിച്ചതിനാലാണ് കപ്പൽ തട്ടിക്കൊണ്ടുപോയതെന്നാണ് ഹൂത്തികൾ പറയുന്നത്. 
കടൽ കൊള്ളയാണ് ഹൂത്തികൾ നടത്തിയതെന്ന് സഖ്യസേന നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. യെമനിലെ സുഖുത്‌റ ദ്വീപിൽ നിന്ന് ഒഴിപ്പിച്ച സൗദി ഫീൽഡ് ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങളാണ് കപ്പലിലുള്ളതെന്നും സഖ്യസേന പറഞ്ഞു. കപ്പലിൽ നിന്നുള്ള ആയുധങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഹൂത്തികൾ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ തങ്ങളുടെ വാദം സാധൂകരിക്കുന്നതിനു വേണ്ടി കപ്പലിലേക്ക് ഹൂത്തികൾ ആയുധങ്ങൾ മാറ്റുകയായിരുന്നെന്ന് സൗദി ടെലിവിഷൻ പറഞ്ഞു. 


 

Tags

Latest News