Sorry, you need to enable JavaScript to visit this website.

ഡിസംബറിൽ പണപ്പെരുപ്പം 1.2 ശതമാനമായി ഉയർന്നു

റിയാദ് - ഡിസംബറിൽ സൗദിയിൽ പണപ്പെരുപ്പം 1.2 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ പണപ്പെരുപ്പം 1.1 ശതമാനമായിരുന്നു. ആറു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് ഡിസംബറിലേത്. കഴിഞ്ഞ ജൂണിൽ പണപ്പെരുപ്പം 6.2 ശതമാനമായിരുന്നു. ഇതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് ഡിസംബറിലേത്. 
കഴിഞ്ഞ മാസം ഗതാഗത മേഖലയിൽ 7.2 ശതമാനം തോതിലും ഭക്ഷ്യവസ്തു മേഖലയിൽ 1.1 ശതമാനം തോതിലും നിരക്കുകൾ വർധിച്ചു. പാർപ്പിട, ജല, വൈദ്യുതി, ഗ്യാസ് മേഖലയിൽ നിരക്കുകൾ 1.6 ശതമാനം തോതിൽ കഴിഞ്ഞ മാസം കുറഞ്ഞു. പാർപ്പിട വാടക 1.94 ശതമാനം തോതിൽ കുറഞ്ഞതാണ് പാർപ്പിട, ജല, വൈദ്യുതി, ഗ്യാസ് മേഖലയിൽ നിരക്കുകൾ 1.6 ശതമാനം തോതിൽ കുറയാൻ സഹായിച്ചത്. 
സൗദിയിൽ തുടർച്ചയായി 24 ാം മാസമാണ് പണപ്പെരുപ്പം ഉയരുന്നത്. 2020 ജനുവരിയിൽ 0.7 ഉം ഫെബ്രുവരിയിൽ 1.2 ഉം മാർച്ചിൽ 1.5 ഉം ഏപ്രിലിൽ 1.3 ഉം മേയിൽ 1.1 ഉം ജൂണിൽ 0.5 ഉം ശതമാനമായിരുന്നു പണപ്പെരുപ്പം. മൂല്യവർധിത നികുതി 15 ശതമാനമായി ഉയർത്തിയതോടെ 2020 ഓഗസ്റ്റിൽ പണപ്പെരുപ്പം 6.2 ഉം സെപ്റ്റംബറിൽ 5.7 ഉം ഒക്‌ടോബറിലും നവംബറിലും 5.8 ശതമാനം തോതിലും ഡിസംബറിൽ 5.3 ഉം ശതമാനം തോതിൽ ഉയർന്നു. 2021 ജനുവരിയിൽ 5.7 ഉം ഫെബ്രുവരിയിൽ 5.2 ഉം മാർച്ചിൽ 4.9 ഉം ഏപ്രിലിൽ 5.3 ഉം മേയിൽ 5.7 ഉം ജൂണിൽ 6.2 ഉം ജൂലൈയിൽ 0.4 ഉം ഓഗസ്റ്റിൽ 0.3 ഉം സെപ്റ്റംബറിൽ 0.6 ഉം ഒക്‌ടോബറിൽ 0.8 ഉം നവംബറിൽ 1.1 ഉം ഡിസംബറിൽ 1.2 ഉം ശതമാനം തോതിലും പണപ്പെരുപ്പം വർധിച്ചു. 
2020 ൽ മൊത്തത്തിൽ പണപ്പെരുപ്പം 3.4 ശതമാനമായിരുന്നു. സർക്കാർ പ്രതീക്ഷിച്ചിരുന്നതിലും കുറവാണിത്. 2020 ൽ പണപ്പെരുപ്പം 3.7 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2021 ൽ 2.9 ശതമാനവും 2022 ൽ 1.3 ശതമാനവും 2023 ലും 2024 ലും രണ്ടു ശതമാനവുമായിരിക്കും പണപ്പെരുപ്പം എന്ന് പ്രതീക്ഷിക്കുന്നതായി പുതിയ ബജറ്റ് റിപ്പോർട്ട് പറഞ്ഞു. 
പണപ്പെരുപ്പം കണക്കാക്കുന്നതിൽ ഏറ്റവുമധികം വെയ്‌റ്റേജ് നൽകുന്നത് പാർപ്പിട, ജല, വൈദ്യുതി, ഗ്യാസ്, ഇന്ധന വിഭാഗത്തിനാണ്. 
ഈ വിഭാഗത്തിന് 25.3 ശതമാനം വെയ്‌റ്റേജ് നൽകുന്നു. രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ വിഭാഗത്തിന് 18.8 ശതമാനവും ഗതാഗത വിഭാഗത്തിന് 9.9 ശതമാനവും ഹോം ഫർണിച്ചർ, റിപ്പയർ, ടെലികോം വിഭാഗത്തിന് 8.5 ശതമാനവും റെസ്റ്റോറന്റ്, ഹോട്ടൽ വിഭാഗത്തിന് 6.5 ശതമാനവും വസ്ത്രങ്ങൾ, പാദരക്ഷകൾ വിഭാഗത്തിന് 6.2 ശതമാനവും ചരക്കുകൾ, അഡ്വാൻസ്ഡ് സർവീസസ് വിഭാഗത്തിന് 5.7 ശതമാനവും വിദ്യാഭ്യാസത്തിന് 4.2 ശതമാനവും സാംസ്‌കാരിക, വിനോദ വിഭാഗത്തിന് 3.4 ശതമാനവും ആരോഗ്യ വിഭാഗത്തിന് 2.3 ശതമാനവും പുകയില വിഭാഗത്തിന് 0.7 ശതമാനവും വെയ്‌റ്റേജ് ആണ് പണപ്പെരുപ്പം കണക്കാക്കുന്നതിൽ കൽപിക്കപ്പെടുന്നത്.
 

Tags

Latest News