Sorry, you need to enable JavaScript to visit this website.

ഇശലുകളുടെ പൊലിമ യിൽ 'റിയാദ് കെ. എം. സി. സി മ്യൂസിക് വൈബ്സ്'

റിയാദ്- ഈണങ്ങളിൽ മധുകണം. ഓര്‍മകളിൽ മധുരം. മാപ്പിളപ്പാട്ടിന്റെ മകരന്ദം നിറഞ്ഞ ഇശലുകള്‍ ഒഴുകിയെത്തിയപ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആവേശം തുടിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മ്യൂസിക് വൈബ്‌സ് വേദിയിൽ മലയാള മണ്ണിന്റെ പ്രിയ ഗായകരായ കണ്ണൂര്‍ ശരീഫിന്റെയും ലക്ഷ്മി ജയന്റെയും ഫാസില ബാനുവിന്റെയും സ്വരവർഷം പെയ്തിറങ്ങി. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ റിയാദ് അസീസിയ നെസ്‌റ്റോ ഹാളിലായിരുന്നു പരിപാടി.  ആസ്വാദനത്തിന്റെയും ആവേശലഹരിയുടെയുംകലാനിശ. ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് നിന്നുള്ള കലാസ്‌നേഹികള്‍ ലയിച്ചു ചേര്‍ന്ന ഈ അഞ്ചു മണിക്കൂര്‍ സംഗീത നിശ റിയാദിലെ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ അവിസ്മരണീയമായി.


റിയാദ് കെ.എം.സി.സി സംഘടിപ്പിച്ചുവരുന്ന ഫെസ്റ്റി വിസ്റ്റയുടെ ഭാഗമായാണ് മ്യൂസിക് വൈബ്‌സ് അറങ്ങേറിയത്. മാപ്പിളപ്പാട്ടിന്റെ തേന്‍ മധുരമൂറും ഇശലുകളും വാദ്യങ്ങളുടെ താളപ്പെരുക്കങ്ങളും ഗസലിന്റെ വശ്യതയും ഒഴുകിപ്പരന്നപ്പോള്‍ കലയുടെ ലോകമൊരുക്കുന്ന ഏകതാനതക്ക് ഇവിടം സാക്ഷിയായി. കോവിഡിന്റെ മടുപ്പിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ കലാകാരന്മാുരുടെ പ്രകടനപരത ഊര്‍ജം പകര്‍ന്നപ്പോള്‍ സദസ്സ് ഒന്നടങ്കം ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് കരഘോഷം മുഴക്കി.


ഉദ്ഘാടന സമ്മേളനത്തില്‍ മുജീബ് ഉപ്പട സ്വാഗതം പറഞ്ഞു. കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കെ.എം.സി.സി വര്‍ക്കിംഗ് പ്രസിഡന്റഅ അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യു.പി മുസ്തഫ, കബീര്‍ വൈലത്തൂര്‍, ജലീല്‍ തിരൂര്‍,  അനില്‍കുമാര്‍ സിന്‍മാര്‍, നാസര്‍ കാരന്തൂര്‍, അബ്ദുല്ല വല്ലാഞ്ചിറ, റഫീഖ് ഹസന്‍ വെട്ടത്തൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, പി.സി മജീദ് കാളമ്പാടി എന്നിവര്‍ സംസാരിച്ചു ഷാഹിദ് മാസ്റ്റര്‍ നന്ദി പറഞ്ഞു.


കെ.എം.സി.സി ഫെസ്റ്റി വിസ്റ്റയുടെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, സൈബര്‍ മീറ്റ്, വെല്‍ഫെയര്‍ മീറ്റ്, ലീഡേഴ്‌സ് മീറ്റ്, വിവിധ മത്സര പരിപാടികള്‍, സാംസ്‌കാരിക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റി വിസ്റ്റ സമാപനം ഫെബ്രുവരി ആദ്യവാരം കേരളത്തില്‍ നിന്നുളള രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കും.

Tags

Latest News