Sorry, you need to enable JavaScript to visit this website.

എല്ലാ സ്ഥാപനങ്ങൾക്കും പിഴ ഒരുപോലെയല്ല, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

റിയാദ് - കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴകൾ വ്യത്യസ്തമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
ആപ്പുകൾ വഴി ആളുകളുടെ ആരോഗ്യനില പരിശോധിക്കാതിരിക്കൽ, വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകൽ, മാസ്‌കുകൾ ധരിക്കാത്തവർക്ക് പ്രവേശനം നൽകൽ, കൊറോണബാധ സ്ഥിരീകരിച്ചവർക്ക് പ്രവേശനം നൽകൽ, പ്രത്യേകം നിർണയിച്ച സ്ഥലങ്ങളിൽ അണുനാശിനികളും സാനിറ്റൈസറുകളും സ്ഥാപിക്കാതിരിക്കൽ, ഓരോ തവണ ഉപയോഗിച്ച ശേഷവും ഷോപ്പിംഗ് ട്രോളികളും ബാസ്‌കറ്റുകളും അണുവിമുക്തമാക്കാതിരിക്കൽ, പ്രവേശന കവാടങ്ങളിൽ വെച്ച് ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീര ഊഷ്മാവ് പരിശോധിക്കാതിരിക്കൽ, ജീവനക്കാർക്ക് ആവശ്യമായ പരിശോധനകൾ നടത്താതിരിക്കൽ, ടോയ്‌ലെറ്റുകൾ അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാതിരിക്കൽ എന്നിവയെല്ലാം സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ്. 
ഇത്തരം നിയമ ലംഘനങ്ങൾക്ക് ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള മൈക്രോ സ്ഥാപനങ്ങൾക്കും അവയുടെ മാനേജർമാർക്കും 10,000 റിയാലും ആറു മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്കും മാനേജർമാർക്കും 20,000 റിയാലും 50 മുതൽ 249 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്കും അവയുടെ മാനേജർമാർക്കും 50,000 റിയാലും 250 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങൾക്കും മാനേജർമാർക്കും ഒരു ലക്ഷം റിയാലുമാണ് പിഴ ലഭിക്കുക. 
നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. പരമാവധി രണ്ടു ലക്ഷം റിയാൽ വരെയാണ് ഇങ്ങിനെ നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക. 
കൂടാതെ സ്ഥാപനങ്ങൾ ആറു മാസത്തിൽ കവിയാത്ത കാലത്തേക്ക് അടപ്പിക്കുകയും ചെയ്യും. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം മാനേജർമാർക്ക് ചുമത്തുന്ന കൂടിയ പിഴ ഒരു ലക്ഷം റിയാലാണ്. 
രണ്ടാമതും നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മാനേജർമാർക്ക് തടവ് ശിക്ഷ നൽകുന്ന കാര്യം പരിശോധിക്കുന്നതിന് അവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 
നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ആറു മാസത്തിൽ കവിയാത്ത കാലത്തേക്ക് അടപ്പിക്കുന്നതിൽ നിന്ന് റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ പോലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 
ഇത്തരം സ്ഥാപനങ്ങൾ ആദ്യ തവണ 24 മണിക്കൂർ നേരവും രണ്ടാം തവണ 48 മണിക്കൂർ സമയവും മൂന്നാം തവണ ഒരാഴ്ചയും നാലാം തവണ രണ്ടാഴ്ചയും അഞ്ചും അതിൽ കൂടുതലും തവണ നിയമ ലംഘനം നടത്തി കുടുങ്ങുന്ന സ്ഥാപനങ്ങൾ ഒരു മാസം വീതവുമാണ് അടപ്പിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Tags

Latest News