Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

കലാ സാഹിത്യ പ്രവർത്തനം മനുഷ്യ നന്മക്ക്  വേണ്ടിയാവണം -ഡോ. ജോർജ് ഓണക്കൂർ

ഡോ. ജോർജ് ഓണക്കൂറിന് ദുബായ് അൽബറാഹ കെ.എം.സി.സി നൽകിയ സ്വീകരണച്ചടങ്ങ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്യുന്നു.

ദുബായ്- മനുഷ്യ നന്മക്കും സാഹോദര്യത്തിനും സാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങളുടെ കടമ നിർവഹിക്കണമെന്ന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രസിദ്ധ സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ. 'ഹൃദയ രാഗങ്ങൾ' എന്ന ആത്മകഥക്ക് ഡോ.ജോർജ് ഓണക്കൂറിന് പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ദുബായ് കെ.എം.സി.സി സർഗധാര അൽബറാഹ കെ.എം.സി.സി ആസ്ഥാനത്ത് കോവിഡ് പ്രൊട്ടോകോൾ പാലിച്ച് നടത്തിയ സ്വീകരണ പരിപാടിയിൽ മറുപടി പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരെഴുത്തുകാരനെന്ന നിലയിൽ തന്റെ എളിയ കർമ വീഥിയിൽ നിന്നുകൊണ്ട് താൻ ചെയ്യാൻ ശ്രമിക്കുന്നത് മനുഷ്യ സ്നേഹം പ്രസരിപ്പിക്കുക എന്നതാണെന്നും ഒരു പൂ സുഗന്ധം പ്രസരിപ്പിക്കുന്നത് പോലെയും ഒരു കാറ്റ് തണുപ്പ് അനുഭവപ്പെടുത്തുന്നത് പോലെയും എഴുത്തുകാരും കലാകാരന്മാരും പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഗന്ധവും വെളിച്ചവുമൊക്കെയാണ് നമ്മുടെ സമൂഹത്തിൽ പരക്കേണ്ടത്. നിർഭാഗ്യവശാൽ പത്രം വായിക്കാൻ അൽപം ഭയമുണ്ട്. അതിനേക്കാൾ പേടിയാണ് ടെലിവിഷൻ കാണുന്നത്. കാരണം, മൂന്നു മാസം പ്രായമായ കുഞ്ഞിനെ കവർന്നെടുത്തത് ഒരു സ്ത്രീയാണ് എന്നത് വലിയ ദുഃഖമുണ്ടാക്കുന്നു. സമകാലികമായി പല കാര്യങ്ങളും ശ്രദ്ധയിൽ വരുമ്പോൾ അത് മനുഷ്യോചിതമാണോ എന്നു തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ, ഈ അറബ് നാട്ടിലെ മലയാളികൾ പരസ്പരം സ്നേഹിച്ചും സഹകരിച്ചും മനുഷ്യ ബന്ധങ്ങൾ ഇഴയടുപ്പമുള്ളതാക്കുന്നത് കാണുമ്പോൾ അത് ഈ മണ്ണ് നൽകുന്ന സമാധാനത്തിന്റെ തണുപ്പ് കൂടിയാണെന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാറിന്റെ, വിശേഷിച്ചും മലപ്പുറത്തിന്റെ ആതിഥ്യവും സ്നേഹവും സാക്ഷരതാ ഡയറക്ടറായിരുന്ന കാലയളവിൽ താനേറെ അനുഭവിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ കാലഘട്ടമായിരുന്നു അതെന്നും പറഞ്ഞു. കെ.എം.സി.സി നടത്തുന്ന മനുഷ്യ കാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, സി.എച്ച് മുഹമ്മദ് കോയ തനിക്കേറെ ബഹുമാനവും സ്നേഹവുമുണ്ടായിരുന്ന മഹാനായ നേതാവായിരുന്നുവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ ഓർമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'സി.എച്ചിന്റെ നിയമസഭാ പ്രസംഗങ്ങൾ' താൻ എഡിറ്റ് ചെയ്തതാണെന്നും സി.എച്ചിന്റെ യാത്രാ പുസ്തകങ്ങളെല്ലാം സമാഹരിച്ച് അതിന്റെ അവതാരിക എഴുതിയതും താനായിരുന്നുവെന്നും ജോർജ് ഓണക്കൂർ അനുസ്മരിച്ചു.
കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ വീട്ടിൽ വന്ന കേന്ദ്ര മന്ത്രിയോട് ശക്തമായ പ്രതിഷേധം താൻ രേഖപ്പടുത്തിയിട്ടുണ്ടെന്നും ഒരു സമൂഹത്തെ ഒറ്റപ്പെടുത്തി അപരവത്കരിക്കുന്ന അത്തരം നീക്കങ്ങൾ സർവശക്തിയും ഉപയോഗിച്ച് എതിർക്കേണ്ടത് ധർമമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണ ചടങ്ങിൽ ദുബായ് കെ.എം.സി.സി സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷനായി. ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഉപഹാര സമർപ്പണം നടത്തി. മാധ്യമ പ്രവർത്തകരായ കെ.എം അബ്ബാസ്, ജലീൽ പട്ടാമ്പി, ടി.ജമാലുദ്ദീൻ, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടിയിൽ, അഡ്വ. സാജിത് അബൂബക്കർ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, മുസ്തഫ വേങ്ങര, ഫാറൂഖ് പട്ടിക്കര, ആർ.ഷുക്കൂർ, നിസാമുദ്ദീൻ കൊല്ലം, സൈനുദ്ദീൻ ചേലേരി തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് സി.വി ഖിറാഅത്ത് നടത്തി. ജോ.കൺവീനർ റഹ്ദാദ് മൂഴിക്കര സ്വാഗതവും സർഗധാര കൺവീനർ രഹ്നാസ് യാസീൻ നന്ദിയും പറഞ്ഞു.
ദുബായ് കെ.എം.സി.സിയുടെ ദേശീയ ദിനാഘോഷ മത്സരങ്ങളിൽ ജേതാക്കളായവർക്ക് ഡോ. ജോർജ് ഓണക്കൂർ സമ്മാനങ്ങൾ നൽകി. സർഗധാര ഭാരവാഹികളായ ടി.എം.എ. സിദ്ദീഖ്, ഷമീർ വേങ്ങാട്, സിദ്ദീഖ് ചൗക്കി, അസീസ് പന്നിത്തടം, വാഹിദ് പാനൂർ, സിറാജ് കെ.എസ്.എ തുടങ്ങിയവർ നേതൃത്വം നൽകി.


 

Tags

Latest News