Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശികളുടെ പക്കല്‍ നിന്ന് 49 ലക്ഷം റിയാല്‍ കവര്‍ന്ന പോലീസുകാര്‍ അറസ്റ്റില്‍

റിയാദ് - വിദേശികളുടെ പക്കല്‍ നിന്ന് 49 ലക്ഷം റിയാല്‍ കവര്‍ന്ന മൂന്നു പോലീസുകാരെയും സൗദി പൗരനെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
അറബ് വംശജരായ രണ്ടു വിദേശികളെ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്ത് പക്കലുണ്ടായിരുന്ന 49 ലക്ഷം റിയാല്‍ കൈക്കലാക്കിയ ശേഷം ഇരുവരെയും പോലീസുകാര്‍ വിട്ടയക്കുകയായിരുന്നു. പോലീസിനു കീഴിലെ കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് വിദേശികളുടെ പക്കലുള്ള പണം തട്ടിപ്പറിച്ച് അറസ്റ്റിലായത്. പ്രതികളുടെ താമസസ്ഥലങ്ങളിലും വാഹനങ്ങളിലും നടത്തിയ പരിശോധനകളിലൂടെ 34,43,705 റിയാല്‍ കണ്ടെടുത്തു. പണത്തിന്റെ നിയമസാധുത തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിദേശികളെയും അറസ്റ്റ് ചെയ്തതായി കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
സമാനമായ മറ്റൊരു കേസില്‍ വിദേശിയെ തടഞ്ഞുനിര്‍ത്തി നാലര ലക്ഷം റിയാല്‍ തട്ടിപ്പറിച്ച മറ്റു മൂന്നു പോലീസുകാരെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കമ്മീഷന്‍ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഇവയടക്കം സമീപ കാലത്ത് അന്വേഷണം നടത്തിയ പതിനഞ്ചു അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കമ്മീഷന്‍ പുറത്തുവിട്ടു.
തനിക്കെതിരായ പണം വെളുപ്പിക്കല്‍ കേസ് മരവിപ്പിക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ പത്തു ലക്ഷം റിയാല്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി സൗദി പൗരന്മാരില്‍ ഒരാള്‍ കമ്മീഷന് വിവരം നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടത്തി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പരാതിക്കാരനെതിരെ കേസില്ലെന്നും വ്യാജ രേഖകള്‍ ചമച്ച് പരാതിക്കാരനെ ഉദ്യോഗസ്ഥന്‍ വിശ്വസിപ്പിക്കുകയുമായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുര്‍ക്കിയില്‍ താമസിക്കുന്ന സിറിയക്കാരനില്‍ നിന്നാണ് പരാതിക്കാരന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥന് ലഭിച്ചത്. ആഭ്യന്തര മന്ത്രാലയവുമായും സെന്‍ട്രല്‍ ബാങ്കുമായും സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന് പണംവെളുപ്പിക്കല്‍ ഇടപാടുകളില്‍ പങ്കുള്ളതായി വ്യക്തമായി. സൗദിയില്‍ കഴിയുന്ന അറബ് വംശജരായ വിദേശികളില്‍ നിന്ന് പണം ശേഖരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വിദേശങ്ങളിലേക്ക് അയക്കുകയാണ് പരാതിക്കാരന്‍ ചെയ്തിരുന്നത്. ഈ രീതിയില്‍ പതിനെട്ടു കോടി റിയാല്‍ ഇയാള്‍ വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനെയും പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത ഏതാനും ബാങ്ക് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു.

 

Latest News