Sorry, you need to enable JavaScript to visit this website.

ലോകത്തിന്റെ കണ്ണും കാതും കവർന്ന് യു.എ.ഇ സുവർണജൂബിലി ആഘോഷം 

ഹത്തയിൽ യു.എ.ഇ സുവർണ ജൂബിലി ആഘോഷ പരിപാടികളിൽ സംബന്ധിക്കുന്ന ശൈഖ് മുഹമ്മദ് അൽമക്തൂം, ശൈഖ് മുഹമ്മദ് അൽനഹ്‌യാൻ തുടങ്ങിയ രാഷ്ട്രനേതാക്കൾ
ഹത്തയിലെ കണ്ണഞ്ചിക്കുന്ന കരിമരുന്ന് പ്രയോഗത്തിന്റെ ദൃശ്യം. 03. അബുദാബി നാഷണൽ ഓയിൽ കമ്പനി യു.എ.ഇ രാഷ്ട്രശിൽപികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ. 
  • വർണപ്രപഞ്ചം തീർത്ത് ഹജർ പർവതനിരകൾ

ദുബായ്- ഹജർ പർവതനിരകളിൽ വർണാഭമായ കൗതുകദൃശ്യങ്ങൾ വിരിയിച്ച് യു.എ.ഇ സുവർണജൂബിലിയുടെ ഔദ്യോഗിക ആഘോഷങ്ങൾക്ക് വ്യാഴാഴ്ച ഹത്തയിൽ തുടക്കമായി. 1971 ഡിസംബർ രണ്ടിന് യു.എ.ഇ നിലവിൽ വന്നതിന്റെ സന്തോഷവും ആഹ്ലാദവും പങ്കിടുകയാണ് രാജ്യത്തിന്റെ അമ്പതാം വാർഷികമാഘോഷിക്കുന്നതിലൂടെ രാഷ്ട്രവും ജനതയും. ഏഴ് എമിറേറ്റുകളിലുടനീളം ജാതി, മത, വർഗ, ലിംഗ വിഭാഗീയതകൾക്കതീതമായി രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാരും വിദേശികളും ഒരുപോലെ ആഘോഷങ്ങളുടെ ഭാഗമായി. 
ഹത്ത തടാകത്തിന്റെ തീരങ്ങളിൽ നടന്ന ആഘോഷപരിപാടികളുടെ തത്സമയ സംപ്രേഷണം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവർ ഒരുപോലെ വീക്ഷിച്ചു. ഹത്തയിലെ ആഘോഷ പരിപാടികളുടെ ശബ്ദം ഹജർ കൊടുമുടികൾ ഭേദിച്ച് രാജ്യത്തിന്റെ മുക്കുമൂലകളിൽ പ്രതിധ്വനിച്ചു. 
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നിവർ ഉൾപ്പെടെയുള്ള യു.എ.ഇയുടെ തലമുതിർന്ന മുഴുവൻ നേതാക്കളും സദസ്സിൽ അണിനിരന്നു. ആഘോഷപരിപാടികൾ അത്യാഹ്ലാദപൂർവം മറ്റുള്ളവരെപ്പോലെ അവരും തങ്ങളുടെ സെൽഫോണിൽ പകർത്തി. 
പുരാതനകാലം മുതലുള്ള യു.എ.ഇയുടെ വളർച്ചയെ കുറിക്കുന്ന ആശയങ്ങളാണ് പ്രധാനമായും ഹത്തയിലെ വേദിയിൽ നിറഞ്ഞുനിന്നത്. നക്ഷത്രങ്ങളുടെ ചലനങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക കലണ്ടറായ 'ദാഇറത്തു ദുറൂർ' മുതൽ രാജ്യം കൈവരിച്ച അത്യന്താധുനിക സാങ്കേതിക മികവുകൾ വരെ വേദിയിൽ പ്രദർശിപ്പിക്കപ്പെട്ടു.
യു.എ.ഇയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്ത്രീരത്‌നങ്ങളെയും വേദിയിൽ അനുസ്മരിച്ചു. ജീവകാരുണ്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ശൈഖ് മുഹമ്മദിന്റെ പിതാമഹതി ശൈഖ ഹസ്സ ബിൻത് അൽ മുർറ് അൽഫലസി, അറബ് ലോകത്തെ അറിയപ്പെടുന്ന ഭിഷഗ്വരയായിരുന്ന ശൈഖ ഹമാമ ബിൻത് ഉബൈദ്, ശൈഖ് മുഹമ്മദിന്റെ മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് എന്നിവർ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. 
യു.എ.ഇ രാഷ്ട്രം രൂപീകരിച്ച ഏഴ് നേതാക്കളുടെ ഹോളോഗ്രാമും രാഷ്ട്ര പിതാവായ ശൈഖ് സായിദിന്റെ വ്യത്യസ്തങ്ങളായ ദൃശ്യങ്ങളും വേദിയെ ധന്യമാക്കി. 
ബഹിരാകാശ സഞ്ചാരത്തിനായി തയാറെടുക്കുന്ന ആദ്യത്തെ അറബ് വനിതാ നൂറ അൽ മത്‌റൂഷി, പരിസ്ഥിതി പ്രവർത്തക മൈസ ബൂഗുനൂം, ഡാറ്റ സയന്റിസ്റ്റ് തുഫൂൽ അൽ നുവാമി എന്നിവരുടെ സാന്നിധ്യം ആഘോഷപരിപാടികൾക്ക് മിഴിവേകി.


 

Tags

Latest News