Sorry, you need to enable JavaScript to visit this website.

സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകർക്ക് ധനസഹായം

റിയാദ് - സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ വേതന വിഹിതമായി പ്രതിമാസം 3000 റിയാൽ വരെ വിതരണം ചെയ്യുന്ന പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി നടപ്പാക്കുന്നു. പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്‌കൂളുകളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 30 ആയി നിർണയിച്ചിട്ടുണ്ട്. സൗദി അധ്യാപകരുടെ വേതനത്തിന്റെ 50 ശതമാനം, പരമാവധി 3,000 റിയാൽ വരെ മൂന്നു മാസക്കാലമാണ് മാനവശേഷി വികസന നിധിയിൽനിന്ന് വിതരണം ചെയ്യുക. സൗദിവൽക്കരണ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകൾക്ക് കാലാവധിയുള്ള ലൈസൻസുണ്ടായിരിക്കണമെന്നും സ്‌കൂളുകൾ കരിമ്പട്ടികയിലായിരിക്കരുതെന്നും വ്യവസ്ഥകളുണ്ട്. 


പദ്ധതി പ്രയോജനപ്പെടുത്തുന്ന സൗദി അധ്യാപകൻ മാനവശേഷി വികസന നിധിയുടെ മറ്റു സഹായ പദ്ധതികളുടെ ഗുണഭോക്താവാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഒന്നിലധികം സ്ഥാപനങ്ങളിലെ ജീവനക്കാരനായി സൗദി അധ്യാപകനെ രജിസ്റ്റർ ചെയ്യാൻ പാടില്ല.  
വിദ്യാഭ്യാസ, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങൾ സഹകരിച്ച് ഈ അധ്യയന വർഷാദ്യം മുതൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ഉയർന്ന തോതിൽ സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യ ബോയ്‌സ് സ്‌കൂളുകളിൽ സൗദിവൽക്കരണം 60 ശതമാനത്തിലും ഗേൾസ് സ്‌കൂളുകളിൽ 90 ശതമാനത്തിലും കുറയാൻ പാടില്ല. ഇന്റർനാഷണൽ സ്‌കൂളുകളിൽ 80 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ നിയമിക്കുന്ന, ബാച്ചിലർ ബിരുദധാരികളായ സൗദി അധ്യാപകരുടെ വേതനം 5,000 റിയാലിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇതിൽ കുറവ് വേതനം ലഭിക്കുന്നവരെ സ്‌കൂളുകളിലെ സൗദി അധ്യാപകരായി പരിഗണിക്കില്ല. 


അറബിക്, വിദേശ ഭാഷ, സാമൂഹിക ശാസ്ത്രം, ബിസിനസ് മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഗണിതശാസ്ത്രം, ഫിസിക്കൽ എജ്യുക്കേഷൻ, കംപ്യൂട്ടർ, പ്രോഗ്രാമിംഗ്, ഇസ്‌ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപക തസ്തികകളിൽ ബോയ്‌സ് സെക്കണ്ടറി സ്‌കൂളുകളിൽ 60 ശതമാനവും ഗേൾസ് സെക്കണ്ടറി സ്‌കൂളുകളിൽ 90 ശതമാനവും സൗദിവൽക്കരണം പാലിക്കണം. സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകളിൽ സെക്കണ്ടറി തലത്തിൽ അറബിക്, ഫാമിലി എജ്യുക്കേഷൻ, സാമൂഹിക ശാസ്ത്രം, ഇസ്‌ലാമിക് സ്റ്റഡീസ്, ആർട്ട്‌സ് എന്നീ വിഷയങ്ങളും ഇന്റർമീഡിയറ്റ് തലത്തിൽ അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, ഇസ്‌ലാമിക് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളും എലിമെന്ററി തലത്തിൽ ഫാമിലി എജ്യുക്കേഷൻ, ആർട്‌സ് എന്നീ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപക തസ്തികകളിൽ 80 ശതമാനം സൗദിവൽക്കരണം പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. 

Tags

Latest News