Sorry, you need to enable JavaScript to visit this website.

മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം: വ്യവസ്ഥകൾ അംഗീകരിച്ചു

റിയാദ് - മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാർക്ക് പ്രത്യേക സാഹചര്യങ്ങളിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അംഗീകരിച്ചു. ശക്തമായ കാറ്റ്, കടൽക്ഷോഭം, സൈനിക പരിശീലനങ്ങൾ പോലെ തങ്ങളുടെ നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാൽ മത്സ്യബന്ധനം ന ടത്താൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് സൗദി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക. 
ഇതിന് മത്സ്യത്തൊഴിലാളി സൗദി പൗരനായിരിക്കണമെന്നും മത്സ്യത്തൊഴിലാളി ലൈസൻസ് നേടിയിരിക്കണെന്നും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാരനായിരിക്കരുതെന്നും വ്യവസ്ഥകളുണ്ട്. 
അപേക്ഷകരുടെ പ്രായം 18 ൽ കുറവാകാനും പ്രതിമാസ വരുമാനം 9,000 റിയാൽ കവിയാനും പാടില്ല. അപേക്ഷകരുടെ ഉടമസ്ഥതയിൽ ഒന്നിലധികം ബോട്ടുകൾ ഉണ്ടാകാനും സ്‌പോൺസർഷിപ്പിൽ വിദേശ മത്സ്യത്തൊഴിലാളികൾ ഉണ്ടാകാനും പാടില്ല. 
ജീവിത നിലവാരം മെച്ചപ്പെടുത്താനും ഭക്ഷ്യസുരക്ഷ നേടാനും സഹായിക്കും വിധം മത്സ്യവിഭവ, കാർഷിക മേഖലകൾക്ക് പിന്തുണ നൽകാൻ സമീപ കാലത്ത് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആരംഭിച്ച പദ്ധതികളുടെ ഭാഗമായാണ് സൗദി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ മന്ത്രാലയം അംഗീകരിച്ചത്. മത്സ്യബന്ധനം വിലക്കുന്ന ഓരോ ദിവസത്തിനും സൗദി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. എന്നാൽ ഗുണഭോക്താൾക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യുന്ന തുക മന്ത്രാലയം നിശ്ചയിച്ചിട്ടില്ല. 
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പ്രകാരം സൗദിയിൽ മത്സ്യബന്ധന മേഖലയിൽ 1,06,300 പേർ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 16,434 പേർ സൗദികളാണ്. കഴിഞ്ഞ വർഷം സൗദി അറേബ്യ 45,000 ടൺ മത്സ്യം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ചൈനയും റഷ്യയും യു.എ.ഇയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും സിങ്കപ്പൂരും ദക്ഷിണ കൊറിയയും അടക്കം 35 ലേറെ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ മത്സ്യവും മത്സ്യ ഉൽപന്നങ്ങളും കയറ്റി അയക്കുന്നുണ്ട്. 

Tags

Latest News