Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ എംബസിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം

ഇന്ത്യൻ എംബസിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ

റിയാദ്- പത്ത് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസിയിൽ ഒമ്പതാമത് അംബാസഡേഴ്‌സ് ചോയ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. 
ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ  ഓസ്‌ട്രേലിയ, അമേരിക്ക, ബംഗ്ലാദേശ്, ഫ്രാൻസ്, ജർമനി, മെക്‌സികോ, ഫിലിപ്പൈൻസ്, സ്‌പെയിൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ എംബസികളുമായും സൗദി ഫിലിം അസോസിയേഷനുമായും സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ ഏഴിന് സമാപിക്കും.
ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും സൗദി ഫിലിം അസോസിയേഷൻ ചെയർമാൻ മിശ്അൽ അൽമുതൈരിയും ഉദ്ഘാടനം ചെയ്തു. വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനും അവ കൈമാറ്റം ചെയ്യാനുമുള്ള അവസരമാണ് ഇത്തരം ഫെസ്റ്റിവലിലൂടെ ലഭിക്കുന്നതെന്നും ഇന്ത്യയിലെ സിനിമകൾക്ക് പിന്നിൽ സാമ്പത്തിക ലക്ഷ്യം മാത്രമല്ലെന്നും അതൊരു സാംസ്‌കാരിക പാലമാണെന്നും  അംബാസഡർ പറഞ്ഞു. സൈപ്രസ്, ബ്രസീൽ, ക്രോയേഷ്യ, ഐസ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാൻ ഇന്ത്യൻ സിനിമകൾ പ്രചോദനമായിട്ടുണ്ട്.  ബോളിവുഡ് ഫിലിം ഫെസ്റ്റിവൽ, അവാർഡ് ഷോ, കൾച്ചറൽ കാർണിവൽ എന്നിവയെല്ലാം അത് സംഘടിപ്പിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് കാര്യമായ പിന്തുണ നൽകുന്നുണ്ട്.
സൗദി സിനിമകൾ അന്താരാഷ്ട്ര വേദികളിൽ ശക്തമായ സാന്നിധ്യത്തോടെ തിളങ്ങാൻ തുടങ്ങിയിരിക്കുന്നു. സിനിമാ വ്യവസായം സൗദിയിൽ വളർച്ച നേടുകയാണെന്നും വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ അത് നിർണായക പങ്ക് വഹിക്കുമെന്നും അംബാസഡർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും മാധ്യമ പ്രവർത്തകരുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ ഓസ്‌കറിന് നോമിനേറ്റ് ചെയ്ത സൗദി സിനിമ ഹദ്ദ് അൽത്വാർ പ്രദർശനവും നടന്നു. 
എല്ലാ ദിവസവും വൈകുന്നേരം ആറു മണി മുതലാണ് പ്രദർശനം തുടങ്ങുക. ഇന്നലെ നിൽ ബത്തെ സന്നാട്ട എന്ന ഇന്ത്യൻ സിനിമയാണ് പ്രദർശിപ്പിച്ചത്. കൊറാസോൻ ഡി മെസ്‌കിറ്റി മെക്‌സികോ (ശനി), നെല ശ്രീലങ്ക (ഞായർ), ഗുറുമുൽ ഓസ്‌ട്രേലിയ (തിങ്കൾ), വീറ്റ് ജർമനി (ചൊവ്വ), ഹാമിൾട്ടൻ അമേരിക്ക (ബുധൻ), പെറ്റിറ്റ് പെയ്‌സ് ഫ്രാൻസ് (വ്യാഴം), ഗറില്ല ബംഗ്ലാദേശ് (വെള്ളി), സ്മാളർ ആന്റ് സ്മാളർ സർക്കിൾസ് (ശനി), കമ്പ്യോൺസ് സ്‌പെയിൻ (ഞായർ), സ്‌കെയിൽസ് സൗദി അറേബ്യ (ചൊവ്വ) എന്നിങ്ങനെയാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. പ്രദർശനം കാണാനെത്തുന്നവർ https://docs.google.com/forms/d/e/1FAIpQLSeikyalZMf4pYLIINDtSEd2YM_LIEpjDnNLk2UAb9GmX-SfkQ/viewform  ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സെക്കന്റ് സെക്രട്ടറി റിതു യാദവ് സ്വാഗതം പറഞ്ഞു.
 

Tags

Latest News