Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇനി സിനിമകളുടെ കാലം -അബ്ദുൽ അസീസ് അൽശലാഹി

ഹദ്ദ് അൽത്വാർ സിനിമാ നടി റാവിയ അഹ്മദ്, നടൻ മുഹന്നദ് അൽസാലിഹ്, സംവിധായകൻ അബ്ദുൽ അസീസ് അൽശലാഹി, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി അസീം അൻവർ എന്നിവർ വേദിയിൽ

റിയാദ്- സൗദി അറേബ്യയിൽ സിനിമയടക്കമുള്ള കലകൾക്ക് മികച്ച പ്രചോദനമാണ് ലഭിക്കുന്നതെന്നും ധാരാളം പുതിയ സിനിമകൾ റിലീസിനെത്തുമെന്നും ഹദ്ദ് അൽത്വാർ സിനിമ സംവിധായകൻ അബ്ദുൽ അസീസ് അൽശലാഹി അഭിപ്രായപ്പെട്ടു.  94 ാം ഓസ്‌കർ അക്കാദമി അവാർഡിന് സൗദി അറേബ്യ നോമിനേറ്റ് ചെയ്ത ഹദ്ദ് അൽ ത്വാർ സിനിമയുടെ സംവിധായകനായ ഇദ്ദേഹം ഇന്ത്യൻ എംബസിയിൽ നടന്ന അംബാസഡേഴ്‌സ് ചോയ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്ഷണിതാക്കളോട് സംവദിക്കുകയായിരുന്നു.
2020 ൽ റിയാദിൽ ചിത്രീകരിച്ച ഈ സിനിമ ആരാച്ചാറുടെ (തലവെട്ടുകാരൻ) മകൻ ഒരു ഗായികയുടെ മകളുമായി പ്രണയത്തിലാവുന്ന കഥയാണ് പറയുന്നത്. ഫൈസൽ അൽദൂഖി, അദ്‌വാ ഫഹദ്, അലി ഇബ്രാഹീം, സാമിർ അൽഖാൽ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


മുൻവർഷങ്ങളിൽ സിനിമാ സംവിധാനത്തിന് ഏറെ നിയന്ത്രണങ്ങളുണ്ടായിരുന്നു. അക്കാരണത്താൽ യു.എ.ഇ, ലബനോൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലായിരുന്നു സൗദി കലാകാരന്മാർ സിനിമകളും നാടകങ്ങളും ചിത്രീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിയാദിൽ തന്നെ ചിത്രീകരിക്കാൻ അവസരം ലഭിച്ചു. സൗദി അക്കാദമി അവാർഡ്‌സ് കമ്മിറ്റി നോമിനേറ്റ് ചെയ്ത ഈ സിനിമ സൗദി ഫിലിം കമ്മീഷനാണ് തെരഞ്ഞെടുത്തത്. 42 ാമത് കയ്‌റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ ഒന്നാമതെത്തിയിരുന്നു.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി   സിനിമകൾ ചിത്രീകരിക്കാനുള്ള അവസരങ്ങളാണ് ഇപ്പോൾ അധികൃതർ തുറന്നിട്ടിരിക്കുന്നത്. തനി സൗദി സിനിമകൾ പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഇനി പുറംലോകത്തെത്തും. ഹദ്ദ് എന്നാൽ വധശിക്ഷ നടപ്പാക്കലും ത്വാർ എന്നാൽ ചെണ്ടയുമാണ്. വധശിക്ഷ നടപ്പാക്കലും ചെണ്ടകളിൽ താളം പിടിക്കലും വിരുദ്ധ ധ്രുവങ്ങളിലുള്ളതാണെങ്കിലും ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് കഥയായത്. കാമുകിക്ക് വേണ്ടി നായകൻ തന്റെ ജോലിയെയും ലോകത്തെ തന്നെയും വെറുക്കുന്നു. തികച്ചും വ്യത്യസ്ത പരിതഃസ്ഥിതിയിൽ ജീവിക്കുന്ന ഗായികയുടെ മകളെ തലവെട്ടുകാരന്റെ മകൻ സ്‌നേഹിക്കുന്നു. സമൂഹത്തിലെ സമ്മർദങ്ങളെ അഭിമുഖീകരിച്ച് നിലവിലെ പാരമ്പര്യ രീതികളുമായി അയാൾ സംഘട്ടനത്തിലേർപ്പെടുന്നു. സാമൂഹിക സമ്മർദങ്ങളെയും പരിണത ഫലങ്ങളെയും ചിന്തിക്കാതെയുള്ള വൈരുധ്യങ്ങളുടെ ജീവിതമാണ് കഥയിലുള്ളത്. നാടൻ അറബി ഭാഷയിലാണ് സിനിമ ഒരുക്കിയത്.
വേനൽ കാലത്ത് ഒരു മാസമെടുത്ത് റിയാദിലെ ഊദിലാണ് പ്രധാനമായും ചിത്രീകരണം നടന്നത്. നിർമാണവും ചിത്രീകരണവുമായി ഒന്നര വർഷമെടുത്തു. ഈ വർഷം പുതിയൊരു സിനിമ കൂടി റിലീസിന് ഉദ്ദേശിക്കുന്നുണ്ട് -സംവിധായകൻ വ്യക്തമാക്കി.

Tags

Latest News