Sorry, you need to enable JavaScript to visit this website.

റിയൊ ഒളിംപിക് ചീഫിന് 30 വര്‍ഷം ജയില്‍ ശിക്ഷ

റിയോഡിജനീറോ - ബ്രസീല്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷനും 2016 ലെ റിയൊ ഒളിംപിക്‌സിന്റെ മുഖ്യ സംഘാടകനും ആയിരുന്ന കാര്‍ലോസ് ആര്‍തര്‍ നൂസ്മാന് ബ്രസീല്‍ കോടതി 30 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അഴിമതിയും കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും മറ്റുമാണ് എഴുപത്തൊമ്പതുകാരനെതിരെ ചുമത്തിയ കുറ്റം. 2016 ലെ ഒളിംപിക്‌സിന് വേദിക്കായുള്ള വോട്ടെടുപ്പില്‍ വോട്ട് വിലക്ക് വാങ്ങാന്‍ ചരടു വലിച്ചത് നൂസ്മാനാണെന്ന് ജഡ്ജി മാഴ്‌സെലൊ ബ്രേറ്റാസ് വെളിപ്പെടുത്തി. നൂസ്മാന്‍ കുറ്റവാസനയുള്ളയാളാണെന്നും പൊതു പദവികള്‍ തന്റെ ആര്‍ത്തിയുടെ പൂര്‍ത്തീകരണത്തിനായി അദ്ദേഹം ഉപയോഗിച്ചുവെന്നും കോടതി നിരീക്ഷിച്ചു. റിയൊ ഒളിംപിക്‌സിന്റെ ഓപറേഷനല്‍ മേധാവി ആര്‍തര്‍ സോറസും കേസില്‍ പ്രതിയാണ്. 
നൂസ്മാനും സോറസുമുള്‍പ്പെട്ട സംഘം അന്നത്തെ ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മേധാവി ലാമിന്‍ ഡിയാക്കിനും മകന്‍ പാപ ഡിയാക്കിനും 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായാണ് അന്വേഷണ സംഘം കരുതുന്നത്. രണ്ടു പതിറ്റാണ്ടോളം നൂസ്മാന്‍ ബ്രസീലിയന്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷനായിരുന്നു. കേസില്‍ 2017 ല്‍ വീട്ടു തടങ്കലിലായതോടെയാണ് രാജി വെച്ചത്. 

Latest News