Sorry, you need to enable JavaScript to visit this website.

ഹൂത്തി തടങ്കലിൽ അഞ്ച് വർഷത്തെ പീഡനം:  അബ്ദുൽമജീദ് ആലൂസ് മരണത്തിന് കീഴടങ്ങി 

കേണൽ അബ്ദുൽമജീദ് ആലൂസ്
  • ഫോറൻസിക് പരിശോധനയില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം 

സൻആ- ഹൂത്തി ഭീകരരുടെ കസ്റ്റഡിയിൽ അഞ്ച് വർഷത്തിലേറെയായി ക്രൂരമായ പീഡനമേറ്റുവാങ്ങിയ യെമൻ സൈനിക മേധാവി കേണൽ അബ്ദുൽമജീദ് ആലൂസ് മസ്തിഷ്‌ക ക്ഷതം മൂലം മരിച്ചതായി കുടുംബം അറിയിച്ചു. യെമൻ പ്രതിരോധ മന്ത്രാലയത്തിന്റെ മിലിട്ടറി ഇന്നൊവേഷൻ യൂനിറ്റിന്റെ മുൻ തലവനാണ് 55 കാരനായ ആലൂസ്. 2016 മാർച്ചിൽ തലസ്ഥാനമായ സൻആയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം ഇറാൻ പിന്തുണയുള്ള ഹൂത്തി ഭീകരർ അദ്ദേഹത്തെ പിടികൂടുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
അസുഖബാധിതനായിരുന്നിട്ട് പോലും കുടുംബാംഗങ്ങളെ കാണാൻ ഹൂത്തികൾ അനുവദിച്ചിരുന്നില്ലെന്നും  ആലൂസിന്റെ സഹോദരി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. 


'മസ്തിഷ്‌ക രക്തസ്രാവം മൂലമാണ് എന്റെ സഹോദരൻ മരിച്ചത്. മരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഹൂത്തികൾ അനുവദിച്ചില്ല. മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രമാണ് അവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. മാതാവിനൊപ്പം ഞങ്ങൾ അദ്ദേഹത്തെ കാണാൻ പോയി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അവർ ഞങ്ങളെ അടുപ്പിച്ചില്ല' -ആലൂസിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. 'ഫോറൻസിക് പരിശോധന നടത്താതെ മൃതദേഹം സ്വീകരിക്കാൻ ഞങ്ങൾ തയാറായിട്ടില്ല. അതു കഴിഞ്ഞെങ്കിൽ മാത്രമേ മൃതദേഹം ഞങ്ങൾ സ്വീകരിക്കുകയുള്ളൂ' -സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താതിരുന്ന സഹോദരി പറഞ്ഞു. 
ചോദ്യം ചെയ്യലിനിടെ പലതവണ ആലൂസി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷകൻ അബ്ദുൽമജീദ് സബ്‌റ പറഞ്ഞു. സൻആയിലെ പബ്ലിക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് വിദഗ്ധ പരിശോധനക്കായി ഒരു സ്‌പെഷ്യലിസ്റ്റിനെ കാണിക്കണമെന്നുള്ള അഭ്യർത്ഥന ഹൂത്തികൾ നിരസിച്ചതായും അദ്ദേഹം പറഞ്ഞു. 


ഹൂത്തി വിമതർക്കെതിരെ പോരാടുന്ന അറബ് സഖ്യസേനക്കൊപ്പം പ്രവർത്തിച്ചുവെന്ന കുറ്റത്തിനാണ് ആലൂസിയെ ഹൂത്തി കോടതി അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നത്. 
കേണൽ ആലൂസിയോടുള്ള ഹൂത്തി സൈന്യത്തിന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരെ ഹൂത്തികൾ തടവിലാക്കിയവരുടെ മാതാക്കളുടെ സംഘടന 'അബ്ഡക്റ്റിസ് മദേഴ്സ് അസോസിയേഷൻ' ശക്തമായി അപലപിച്ചു. ഹൂത്തി ജയിലിനകത്തെ പീഡനത്തെ തുടർന്ന് ആലൂസിയുടെ മുഖത്ത് മുറിവുകൾ ഉണ്ടായിരുന്നു. ഒരു സ്‌പെഷ്യലിസ്റ്റിനെ കാണണമെന്ന കുടുംബാംഗങ്ങളുടെ അഭ്യർത്ഥന കോടതി അംഗീകരിച്ചതായിരുന്നുവെന്നും എന്നാൽ പ്രോസിക്യൂഷനും സുരക്ഷാ അധികാരികളും നിരസിക്കുകയുമായിരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 
ജയിലിൽ ഉണ്ടായ ക്രൂരമായ മർദനങ്ങളാണ് കേണൽ അബ്ദുൽമജീദ് ആലൂസിന്റെ മരണത്തിലേക്ക് നയിച്ചത്. അതിനാൽ മരണത്തിന്റെ ഉത്തരവാദിത്തം ഹൂത്തി വിമതർക്കാണെന്നും അസോസിയേഷൻ ആരോപിച്ചു. 

 

Tags

Latest News