Sorry, you need to enable JavaScript to visit this website.

110 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് താൽക്കാലിക വിലക്ക്

റിയാദ് - നിയമ ലംഘനങ്ങളുടെ പേരിൽ താൽക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തിയ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണം 110 ആയി ഉയർന്നു. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 43 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ പിൻവലിക്കുകയും 64 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കരാർ പ്രകാരം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിൽ വീഴ്ച വരുത്തിയതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് 1,105 സൗദി പൗരന്മാർക്ക് അടച്ച പണം തിരികെ ഈടാക്കി നൽകി. 
ഉപയോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാത്തതിനാലാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ പിൻവലിച്ചത്. അടച്ച പണം ഉപയോക്താക്കൾക്ക് തിരിച്ചുനൽകാൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ കെട്ടിവെച്ച ബാങ്ക് ഗ്യാരണ്ടി പ്രയോജനപ്പെടുത്തി. ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ വാണിംഗ് നോട്ടീസ് നൽകിയ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. 


സൗദിയിൽ ഗാർഹിക തൊഴിലാളികളായി ജോലി ആഗ്രഹിക്കുന്ന, 28 രാജ്യങ്ങളിൽ നിന്നുള്ള 59,271 പേരുടെ സി.വികൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ 1,300 ഓളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കാണ് നിലവിൽ ലൈസൻസുള്ളത്. നിലവിൽ ഫിലിപ്പൈൻസിൽനിന്നാണ് സൗദിയിലേക്ക് ഏറ്റവുമധികം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശും മൂന്നാം സ്ഥാനത്ത് ഉഗാണ്ടയും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനത്ത് കെനിയയുമാണ്. 


പുതിയ വിസയിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളെ 90 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ജോലിക്കു വെക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്. പ്രൊബേഷൻ കാലത്ത് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉടലെടുത്താൽ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും. തൊഴിലാളികളെ തിരിച്ചയക്കുന്നതിന്റെ ചെലവുകൾ വഹിക്കേണ്ടത് റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ്. ഇത്തരം സാഹചര്യങ്ങളിൽ റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമകൾക്ക് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ തിരികെ നൽകും. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുമ്പായി തൊഴിലുടമകളുടെ വീടുകളിൽ ഗാർഹിക തൊഴിലാളികൾ ജോലിയിൽ കഴിഞ്ഞ കാലത്തെ വേതനം പിടിച്ച ശേഷമാണ് റിക്രൂട്ട്‌മെന്റ് ചെലവുകൾ തിരികെ നൽകുക. 
പ്രാദേശിക വിപണിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള വർധിച്ച ആവശ്യം നികത്താൻ ശ്രമിച്ച് കൂടുതൽ രാജ്യങ്ങളിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമീപ കാലത്ത് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് കാലതാമസം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിച്ച് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് നിരവധി വ്യവസ്ഥകളും ബാധകമാക്കിയിട്ടുണ്ട്. 

Tags

Latest News