Sorry, you need to enable JavaScript to visit this website.

ബസുകളിൽ മുഴുവൻ സീറ്റിലും യാത്രക്കാർ, ഇസ്തിറാഹകളിൽ ബുക്കിംഗ് 

റിയാദ്- കോവിഡ് വ്യാപന നിയന്ത്രണം ലക്ഷ്യമിട്ട് ഒന്നര വർഷത്തോളം മാസ്‌ക് നിർബന്ധമാക്കിയ സൗദി അറേബ്യയിൽ ഇന്നലെ പൊതുജനം മാസ്‌കില്ലാതെ പുറത്തിറങ്ങി. ബസുകളിൽ എല്ലാ സീറ്റുകളിലും യാത്രക്കാർ ഇരുന്ന് യാത്ര ചെയ്തു. ഇസ്തിറാഹകളും മറ്റും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ശനിയാഴ്ച രാത്രി 12 മണി മുതലാണ് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന ആഭ്യന്തര മന്ത്രാലയ നിർദേശം നിലവിൽ വന്നത്. ഇതോടെ സൗദിയുടെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങി. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും കയറണമെങ്കിൽ മാസ്‌ക് നിർബന്ധമാണെന്നതിനാൽ പലരും മാസ്‌ക് അഴിച്ചുവെക്കാൻ ഇപ്പോഴും തയാറായിട്ടില്ല. പകർച്ച വ്യാധികളെ തടയാൻ മാസ്‌ക് നല്ലതാണെന്ന അഭിപ്രായക്കാരും മാസ്‌ക് ഊരിവെക്കാൻ തയാറായിട്ടില്ല. അതേസമയം പൊതുസ്ഥലങ്ങളിൽ മാസ്‌കില്ലാതെ നടന്നാൽ പോലീസ് പിഴ ഈടാക്കുമെന്ന ഭയം ഇനി വേണ്ട. ഇതുവരെ 1000 റിയാലായിരുന്നു പിഴ ഈടാക്കിയിരുന്നത്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രം യാത്രക്കാരെ ഇരുത്തിയ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളിൽ എല്ലാ സീറ്റുകളിലും യാത്രക്കാർ ഇരുന്നു. ഇതോടെ സാമൂഹിക അകലം പാലിക്കലും ഇല്ലാതായി. കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ലഭിച്ചത് കമ്പനികളിൽ നിന്നും മറ്റുമുള്ള ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും വരുന്നവർക്കും അനുഗ്രഹമായി. വിവാഹം, പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കേണ്ടവരുടെ എണ്ണത്തിലെ നിയന്ത്രണം പിൻവലിച്ചതോടെ ഇസ്തിറാഹകളും മറ്റും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. കൂടുതൽ പേർ പങ്കെടുക്കാൻ കഴിയാത്തതിനാൽ പലരും വിവാഹമടക്കം നീട്ടിവെച്ചതായിരുന്നു. ലോകത്ത് ലഭ്യമായ ഏറ്റവും നല്ല ചികിത്സയും വാക്സിനേഷനും സൗദികൾക്കും എല്ലാ വിദേശികൾക്കും നൽകിയ ശേഷമാണ് സൗദി അറേബ്യ കോവിഡ് വെല്ലുവിളി അതിജയിച്ചത്.  റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സിനിമാ ഹാളുകളിലും സാമൂഹിക അകലം നിർബന്ധമില്ല. സൗദിയിലെ വിമാനത്താവളങ്ങളും പൂർണമായി ഉപയോഗിച്ചു തുടങ്ങി.
 

Tags

Latest News