Sorry, you need to enable JavaScript to visit this website.

ടൂറിസ്റ്റുകൾക്ക് നവ്യാനുഭവം പകരാൻ സൗദി 'ദി റിഗ്' പദ്ധതി

അറേബ്യൻ ഉൾക്കടലിൽ നടപ്പാക്കുന്ന സൗദി 'ദി റിഗ്' ടൂറിസം പദ്ധതിയുടെ ദൃശ്യം.

ലോകത്തെ ആദ്യ ടൂറിസം പദ്ധതി

റിയാദ്- ലോകമെങ്ങും നിന്നുള്ള വിനോദ സഞ്ചാരികൾക്ക് സമാനതകളില്ലാത്ത നവ്യാനുഭവം സമ്മാനിക്കുന്ന പുതിയ പദ്ധതി സൗദി അറേബ്യ നടപ്പാക്കുന്നു. 'ദി റിഗ്' എന്ന് പേരിട്ട പുതിയ പദ്ധതി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണ് പ്രഖ്യാപിച്ചത്. ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയത്തിലാണ് പദ്ധതി നടപ്പാക്കുക. ലോകത്തു തന്നെ ഇത്തരത്തിൽ പെട്ട ആദ്യത്തെ ടൂറിസം പദ്ധതിയാണിത്. അറേബ്യൻ ഉൾക്കടലിൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതി ആതിഥ്യമര്യാദ, താമസ സൗകര്യം, സാഹസികത, സമുദ്ര കായിക അനുഭവങ്ങൾ എന്നിവ അടക്കമുള്ള വിവിധ ചോയ്‌സുകളുടെ സങ്കലനമാണ്. ടൂറിസം, വിനോദ മേഖലകളിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയായ 'ദി റിഗ്' പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും പിന്തുടർന്ന്, പദ്ധതി നടപ്പാക്കുന്ന മേഖലയിലെ പരിസ്ഥിതി സംരക്ഷണം 'ദി റിഗ്' പദ്ധതി ലക്ഷ്യമിടുന്നു. സൗദിയിൽ ആകർഷകമായ ടൂറിസം പദ്ധതികളിൽ ഗുണപരമായ കൂട്ടിച്ചേർക്കലാകും പുതിയ പദ്ധതി. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ, വിശിഷ്യാ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെയും വിദേശികളെയും അസാധാരണമായ ഒരു ടൂറിസം അനുഭവം ആസ്വദിക്കാൻ 'ദി റിഗ്' പദ്ധതി ആകർഷിക്കും. മൂന്നു ഹോട്ടലുകൾ, ഒരു കൂട്ടം അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ, ഹെലിപാഡുകൾ, സാഹസികമായ കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശാലമായ ടൂറിസം ഓപ്ഷനുകൾ പദ്ധതി വാഗ്ദാനം ചെയ്യുന്നു. വിഷൻ-2030 പദ്ധതി ലക്ഷ്യങ്ങളുടെ ഭാഗമായ സാമ്പത്തിക വൈവിധ്യവൽക്കരണം സാക്ഷാൽക്കരിക്കുന്ന വികസന അവസരങ്ങൾ നിറഞ്ഞ സൗദിയിൽ ടൂറിസം, വിനോദ മേഖലകളിൽ നവീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ 2021-2025 തന്ത്രത്തിന് അനുസൃതമായാണ് 'ദി റിഗ്' പദ്ധതി ആരംഭിക്കുന്നത്. റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനി, അൽസൂദ ഡെവലപ്‌മെന്റ് കമ്പനി, സൗദി ക്രൂയിസ് കമ്പനി പോലെ ആഗോള ടൂറിസം ഭൂപടത്തിൽ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പ്രവിശ്യകളിൽ നിരവധി പദ്ധതികളും കമ്പനികളും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആരംഭിച്ചിട്ടുണ്ട്.
 

Tags

Latest News