Sorry, you need to enable JavaScript to visit this website.

ലീഗിലെ വിഭാഗീയത   രമ്യമായി പരിഹരിക്കും -ഡോ. എം.കെ. മുനീർ

കണ്ണൂർ - തളിപ്പറമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർട്ടിക്കകത്തുള്ള വിഭാഗീയ പ്രവർത്തനങ്ങൾ  രമ്യമായി പരിഹരിക്കുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു.  മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രവർത്തക സമിതി അവതരിപ്പിച്ച നയരേഖയാണ് ആ യോഗത്തിന്റെ തീരുമാനമനുസരിച്ച് വിവിധ ജില്ലകളിൽ നേതാക്കൾ നേരിട്ട് അവതരിപ്പിച്ച് പ്രവർത്തകരുടെ അഭിപ്രായം തേടുന്നത്. പാർട്ടിയെ കീഴ്ഘടകം മുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പാർട്ടിയുടെയും മുന്നണിയുടെയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിയുന്നതിന് ഒരു സർവേ നടത്തുന്നുണ്ട്. ഇതിനു പുറമെ, ശാഖാതലം വരെ മുഖാമുഖം പരിപാടി സംഘടിപ്പിക്കും. അതിന് ശേഷം മെമ്പർഷിപ്പ് പ്രവർത്തനവും പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പും നടക്കും -മുനീർ പറഞ്ഞു.
മുസ്‌ലിം ലീഗ് കേഡർ സ്വഭാവത്തിൽ പ്രവർത്തിച്ചു വരുന്ന പാർട്ടിയാണെന്നും പുതുതായി കേഡർ ആവേണ്ടെന്നും മുനീർ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ജനാധിപത്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ്. എന്നാൽ അതേ സമയം അച്ചടക്കവും പ്രധാനമാണ്  -മുനീർ പറഞ്ഞു.
ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് ഇ.ഡി വിളിപ്പിച്ചത് വിവരങ്ങൾ തേടാനാണ്. അവർ ചോദിച്ച എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. ചന്ദ്രിക വലിയ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. കേസിന്റെ കാര്യം വ്യത്യസ്തമാണ്. വിരോധമുള്ള ആർക്കും ആർക്കെതിരെയും കേസ് കൊടുക്കാം. അതിലെ സത്യാവസ്ഥയാണ് പ്രധാനം  -മുനീർ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ്, സെക്രട്ടറിമാരായ ഡോ. എം.കെ.മുനീർ, കെ. എം.ഷാജി പാറക്കൽ അബ്ദുല്ല, പി.കെ.ഫിറോസ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി റിപ്പോർട്ടിംഗിനായി എത്തിയത്.പി.കെ.ഫിറോസാണ് നയരേഖ അവതരിപ്പിച്ചത്.
നേതാക്കളായ പി.കുഞ്ഞഹമ്മദ്, അഡ്വ.അബ്ദുൽ കരിം ചേലേരി, അബ്ദുറഹ്മാൻ കല്ലായ്, വി.പി.വമ്പൻ, അഡ്വ. പി.വി.സൈനുദ്ദീൻ, അഡ്വ. എസ്.മുഹമ്മദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അഡ്വ.കെ.എ.ലത്തീഫ്, മഹ്മ്മൂദ് അള്ളാംകുളം, അൻസാരി തില്ലങ്കേരി, സി.കെ.സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
തളിപ്പറമ്പിന് പുറമെ, ജില്ലയുടെ മറ്റു ഭാഗങ്ങളിലും വിഭാഗീയതയും കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിലെ തോൽവിയും കമ്മിറ്റികളിലെ ചർച്ചകൾ ചോരുന്നത് തടയുന്നതിനായി നിയോഗിച്ച രണ്ടംഗ കമ്മിറ്റിയുടെ റിപ്പോർട്ടും വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ  നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന യു.ഡി.എഫ് ജില്ലാ കൺവീനർ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തുന്നതും അടുത്ത യോഗം ചർച്ച ചെയ്യും. 
               

Latest News