Sorry, you need to enable JavaScript to visit this website.

മഹാകവി കുട്ടമത്തിന് 141, 'ബാലഗോപാലന് ' 100

കാസർകോട്- കുട്ടമത്ത് എന്ന ചെറുഗ്രാമത്തിന്റെ പേര് ശ്രേഷ്ഠ പാരമ്പര്യമുള്ള നാടായി മാറുന്നതിൽ പ്രധാന പങ്കുവഹിച്ച മഹാകവി കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണ കുറുപ്പിന്റെ ജന്മദിനമാണ് വെള്ളിയാഴ്ച. 1880 ഒക്ടോബർ 15 നാണ് കവിയുടെ ജനനം. 
കവിയും പത്രാധിപരും അധ്യാപകനും സാഹിത്യകാരനും ഭിഷഗ്വരനും ഒക്കെയായി പ്രശസ്തിയുടെ കൊടുമുടി കയറിയ അദ്ദേഹം 62-ാം വയസ്സിൽ 1943 ഓഗസ്റ്റ് ഏഴിനാണ് നമ്മെ വിട്ടുപിരിഞ്ഞത്. ആ മഹാകാവ്യം മാഞ്ഞുപോയിട്ട് 78 വർഷമായെങ്കിലും മലയാള സാഹിത്യത്തിനും പ്രത്യേകിച്ച് സംഗീത നാടക ശാഖക്കു അദ്ദേഹം നൽകിയ സംഭാവനക്കും ഓർമകൾക്കും ഒരിക്കലും മരണമുണ്ടാകുന്നില്ല. 
കേരളക്കരയെ കണ്ണീരണിയിക്കുകയും കോൾമയിർ കൊള്ളിക്കുകയും ചെയ്ത ദാരിദ്ര്യം ചിത്രീകരിച്ച കുട്ടമത്തിന്റെ 'ബാലഗോപാലൻ' നാടകത്തിന് ഇപ്പോൾ 100 വയസ്സാവുകയാണ്. 1921 ൽ ഏറനാട്ടിലെ കലാപം നടക്കുന്ന കാലത്താണ് കുട്ടമത്ത് ബാലഗോപാലൻ കൃതി എഴുതി തുടങ്ങുന്നത്. 
നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായിരുന്ന കുട്ടമത്ത് ആ സ്‌കൂൾ അങ്കണത്തിലാണ് ബാലഗോപാലൻ സംഗീത നാടകം അവതരിപ്പിച്ചത്. പിന്നീട് അത് 1923 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. അന്നത്തെ കാലഘട്ടത്തിൽ അതൊരു മിത്തായിരുന്നു. 
ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കാൻ ചേർന്ന പരമദരിദ്രനായ കുഞ്ഞിന്റെ കഥയാണ് നാടകത്തിന് ആധാരം. ദരിദ്രനായ കുഞ്ഞിനോട് ഗുരുപത്‌നിക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ആയിടക്ക് ഗുരുവിന്റെ പിറന്നാൾ വന്നെത്തി. പലരും ഗുരുവിന് പിറന്നാൾ സമ്മാനം കൊടുക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കുട്ടി വീട്ടിലെത്തി അമ്മയോട് സങ്കടം പറഞ്ഞു. ദരിദ്ര കുടുംബത്തിന്റെ ഓട്ടകീശയിൽ സമ്മാനം നൽകാൻ ഒന്നും ഉണ്ടായിരുന്നില്ല. 


കരഞ്ഞു നിലവിളിച്ച കുഞ്ഞിനെ സമാധാനിക്കാൻ പോകുമ്പോൾ കാവിനടുത്തുവെച്ചു 'ഉച്ചത്തിൽ വിളിച്ചോ ഏട്ടൻ സമ്മാനം കൊണ്ടുതരും' എന്ന് പറഞ്ഞു ഗുരുകുലത്തിലേക്ക് പറഞ്ഞുവിടുകയാണ് അമ്മ. അതുപ്രകാരം വിളിച്ച കുഞ്ഞിന് കാലിമേയ്ക്കുന്ന ഏട്ടൻ എത്തി മുരുടയിൽ നിറയെ നെയ് സമ്മാനമായി നൽകി ബാലഗോപാലനെ പറഞ്ഞയച്ചു. ആഡംബര സമ്മാനങ്ങൾക്കിടയിൽ ദരിദ്രനായ കുട്ടി കൊണ്ടുപോയ നെയ്യ് വാങ്ങിയവർ അത് മൂലയിലേക്ക് തള്ളി. അൽപസമയം കഴിഞ്ഞു ഗുരുതന്നെ എത്തി ബാലഗോപാലൻ കൊണ്ടുവന്ന നെയ്യ് എടുത്ത് ഉരുക്കാൻ തുടങ്ങി. എന്നാൽ മുരുടയിലെ നെയ്യ് നാടാകെ പതഞ്ഞു പൊങ്ങിയതല്ലാതെ ഉരുകി തീരുന്നുണ്ടായിരുന്നില്ല. ഇതിൽ എന്തോ 'മെസ്മറിസം' ഉണ്ടെന്ന് കരുതിയ ഗുരു സത്യം തേടി അലഞ്ഞു. കാലിമേയ്ക്കുന്ന ഏട്ടനെ കാണാൻ പുറപ്പെടുകയും ചെയ്തു. പക്ഷെ ഗുരുവിന് എത്ര ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. മനുഷ്യന്റെ അഹംബോധത്തെയാണ് കവി വെണ്ണയുടെ രൂപത്തിൽ ഗുരുവിന് ഉരുക്കാൻ നൽകിയത്. സമത്വസത്യത്തിന്റെ പൊരുൾ അനാവരണം ചെയ്യുകയാണ് ബാലഗോപാലൻ നാടകത്തിലൂടെ കുട്ടമത്ത്.  ഇന്നത്തെ വൃത്തികെട്ട ലോകത്തെ ജീവിതങ്ങളുടെ വ്യത്യസ്ത തലത്തെ അവതരിപ്പിച്ച നാടകമായിരുന്നു ബാലഗോപാലൻ. മലബാറിലെ ആസ്വാദക വൃന്ദത്തെ ഭക്തിയുടെയും വാത്സല്യത്തിന്റെയും ഔന്നത്യത്തിലേക്ക് എത്തിക്കുകയാണ് ഈ കൃതി. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തെ പോലെ തന്നെ ബാലഗോപാലനും പുരോഗമന ചിന്താഗതി വളർത്താൻ അരങ്ങുകൾക്ക് സംഭാവന നൽകി. തുടർന്നാണ് സോഷ്യലിസ്റ്റ് സങ്കൽപം ഉൾക്കൊണ്ട കവിയായിരുന്നു കുട്ടമത്തെന്ന് വിലയിരുത്തപ്പെട്ടത്. ഉത്തരകേരളത്തിലെ തലമുറയെ ആകെ സ്വാധീനിച്ച കുട്ടമത്തിന് 1941 ൽ ചിറക്കൽ രാമവർമ്മ മഹാരാജാവാണ് മഹാകവി പട്ടം നൽകി ആദരിച്ചത്. ഒമ്പത് സംഗീത നാടകങ്ങളാണ് കുട്ടമത്ത് രചിച്ചത്. 1927 മുതൽ 13 വർഷം നീലേശ്വരം രാജാസിൽ അധ്യാപകനായിരുന്നു. 

Latest News