Sorry, you need to enable JavaScript to visit this website.

വീടു തകർന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് സഹായം ഉറപ്പാക്കും -മന്ത്രി വി. അബ്ദുറഹ്മാൻ

കൊണ്ടോട്ടി- പള്ളിക്കൽ മാതംകുളത്ത് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു രണ്ട് കുട്ടികൾ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് കായിക, വഖഫ്, ഹജ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയുണ്ടായ അപകടത്തിൽ കാടപ്പടി വരിച്ചാൽ ചോളാഞ്ചേരി അബൂബക്കർ സിദ്ദിഖിന്റേയും സുമയ്യയുടേയും മക്കളായ ദിയാന ഫാത്തിമ (ഏഴ്), ലുബാന ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചത്. മാതംകുളത്ത് മാതൃ വീടായ ചോനാരി മുഹമ്മദ് കുട്ടിയുടെ വീട്ടിലായിരുന്നു സംഭവ ദിവസം കുട്ടികൾ. ഇതിനോടു ചേർന്ന് അബൂബക്കർ സിദ്ദിഖ് നിർമിക്കുന്ന പുതിയ വീട് തകർന്ന് ചോനാരി മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിൽ പതിക്കുകയായിരുന്നു. 
ഇക്കാരണത്താലാണ് വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
കാടപ്പടിയിലുള്ള അബൂബക്കർ സിദ്ദിഖിന്റെ മാതൃ സഹോദരന്റെ വീട്ടിലെത്തിയ മന്ത്രി വി. അബ്ദുറഹിമാൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അബൂബക്കർ സിദ്ദിഖ്, മാതൃപിതാവ് മുഹമ്മദ്കുട്ടി എന്നിവരുമായി മന്ത്രി സംസാരിച്ചു. പ്രാദേശിക ജനപ്രതിനിധികളും തദ്ദേശഭരണ, റവന്യൂ വകുപ്പ് ജീവനക്കാരും മന്ത്രിയോടൊപ്പം എത്തിയിരുന്നു.

Latest News