Sorry, you need to enable JavaScript to visit this website.

റഫീഞ്ഞ: ബ്രസീലിന്റെ പ്രതീക്ഷ

ബ്രസീലിന് ഇനി കളിക്കാനാവില്ലെന്നു കരുതിയതായിരുന്നു റഫീഞ്ഞ. ഒരു മാസം മുമ്പ് ഇംഗ്ലിഷ് ക്ലബ്ബുകള്‍ റഫീഞ്ഞയുള്‍പ്പെടെ ബ്രസീല്‍ കളിക്കാരെ റിലീസ് ചെയ്യാതിരുന്നപ്പോള്‍. ക്വാരന്റൈന്‍ ചട്ടങ്ങളിലെ ആശങ്ക കാരണമായിരുന്നു അത്. എന്നാല്‍ പ്രതിസന്ധി ഒഴിഞ്ഞു പോയി. അവസാന രണ്ട് മത്സരങ്ങൡലൂടെ റഫീഞ്ഞ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. 
വെനിസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീം നാണക്കേടിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് റഫീഞ്ഞ റിസര്‍വ് ബെഞ്ചില്‍ നിന്നെത്തിയത്. ആധികാരിക പ്രകടനത്തോടെ ടീമിന് 3-1 വിജയം സമ്മാനിച്ചു. കൊളംബിയക്കെതിരായ ഗോള്‍രഹിത സമനിലയില്‍ ശ്രദ്ധേയമായ കളി കെട്ടഴിച്ചു. ഉറുഗ്വാക്കെതിരായ അടുത്ത മത്സരത്തില്‍ റഫീഞ്ഞ സ്റ്റാര്‍ടിംഗ് ഇലവനിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നെയ്മാറിനും ഗബ്രിയേല്‍ ജെസൂസിനുമൊപ്പം മുന്‍നിരയില്‍. ഇടതു വിംഗില്‍ കളിക്കുകയും വലങ്കാലു കൊണ്ട് അടിക്കുകയും ചെയ്യുന്നത് റഫീഞ്ഞയെ അപകടകാരിയാക്കുന്നു. 
വെനിസ്വേലക്കെതിരെ ആദ്യ പകുതിയില്‍ ബ്രസീല്‍ പരുങ്ങുകയായിരുന്നു. എവര്‍ടന്‍ റിബേറോക്കു പകരം റഫീഞ്ഞയെത്തിയതോടെയാണ് ബ്രസീല്‍ ആധിപത്യം നേടിയത്. മൂന്നു ഗോളിലും പങ്കാളിയായി. 
കൊളംബിയക്കെതിരായ ഫിസിക്കല്‍ മത്സരത്തില്‍ ബ്രസീല്‍ പന്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ചത് റഫീഞ്ഞ കാരണമാണ്. ആ മത്സരത്തില്‍ നെയ്മാര്‍ തീര്‍ത്തും മങ്ങിയിരുന്നു. നെയ്മാറിനു പകരം റഫീഞ്ഞ സ്റ്റാര്‍ടിംഗ് ഇലവനില്‍ വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.
ജോര്‍ജിഞ്ഞോയെയും എമേഴ്‌സനെയും പോലെ ഇറ്റലിക്ക് കളിക്കാമായിരുന്നു റഫീഞ്ഞക്ക്. റഫീഞ്ഞയുടെ പിതാവ് ഇറ്റലിക്കാരനാണ്. ഇറ്റലി പാസ്‌പോര്‍ടുണ്ട്. ഇറ്റലി ടീമിലുള്‍പെടുത്തുമെന്ന ഘട്ടത്തിലാണ് കോച്ച് ടിറ്റെ ഈ താരത്തെ ബ്രസീല്‍ ടീമിലേക്ക് വിളിപ്പിക്കുന്നത്. ബ്രസീല്‍ ജഴ്‌സി റഫീഞ്ഞയുടെ ബാല്യകാല സ്വപ്‌നമായിരുന്നു.
 

Latest News