Sorry, you need to enable JavaScript to visit this website.

മൂന്നു വർഷത്തെ ജയിൽവാസം; ഒടുവിൽ നീലേശ്വരം സഹോദരങ്ങൾ നാടണഞ്ഞു

ഷംസുദ്ദീനും മൊയ്തീൻ കുഞ്ഞിയും ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളോടൊപ്പം.

അബഹ/ജിദ്ദ - മൂന്നു വർഷത്തെ ജയിൽവാസത്തിനും ദുരിതങ്ങൾക്കുമൊടുവിൽ നീലേശ്വരം സഹോദരങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലിൽ നാടണഞ്ഞു. കാസർകോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ ഷംസുദ്ദീൻ, മൊയ്തീൻകുഞ്ഞി എന്നീ സഹോദരങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദുരിതാനുഭവങ്ങളാണ് പ്രവാസ ജീവിതത്തിൽ സഹിക്കേണ്ടി വന്നത്. അസീർ പ്രവിശ്യയിലെ മഹായിലിൽ ബഖാലയും ഹോട്ടലും പെട്രോൾ പമ്പും ഉൾക്കൊള്ളുന്ന സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് ഇരുവരുടെയും ദുരിത ജീവിതമാരംഭിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയും സ്ഥലമുടമയും സ്വദേശികളായ വെവ്വേറെ ആളുകളായിരുന്നു. എട്ടു വർഷം മുമ്പ് നിതാഖാത്ത് നിയമം പ്രാബല്യത്തിൽ വരുന്ന സമയമായതിനാൽ  കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. സ്ഥലമുടമ വായ്പയെടുത്ത് പുതുതായി വാങ്ങിയ കൊമേഴ്‌സ്യൽ വാഹനത്തിന്റെ തിരിച്ചടവ് ഇവരുടെ ബാധ്യതയാക്കി വെക്കുകയും വാഹനം കുറഞ്ഞ വിലയ്ക്ക് മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഷംസുദ്ദീനും മൊയ്തീൻകുഞ്ഞിക്കും ഏൽക്കേണ്ടി വന്നത്. അതേസമയം വാഹനം വാങ്ങുമ്പോൾ ഇവരിൽ നിന്നും ഒപ്പു വെച്ച് വാങ്ങിയ കടലാസിൽ അറുപതിനായിരം റിയാലിന്റെ അധിക ബാധ്യത സ്ഥലമുടമ എഴുതിച്ചേർക്കുകയും ആ തുക ഇവരിൽ നിന്ന് ഈടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. അതോടൊപ്പം ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയുമായിരുന്നു. മാസങ്ങൾക്കു ശേഷമാണ് ഇവർ ചതിക്കപ്പെട്ട വിവരം അറിയുന്നത്. സ്വദേശിവൽക്കരണം കാരണം സ്ഥാപനത്തിലെ ജോലി നഷ്ടപ്പെടുകയും മറ്റൊരു ജോലിക്കായി ഇരുവരും ശ്രമിക്കുന്നതിനിടയിൽ കെട്ടിട ഉടമ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു വരികയും ഇരുവരെയും അറസ്റ്റ് ചെയ്തു ജയിലിലടക്കുകയുമായിരുന്നു. മൂന്നു വർഷക്കാലമാണ് ഇരുവർക്കും ജയിൽ വാസമനുഭവിക്കേണ്ടി വന്നത്. ജയിലിൽ കഴിയവേ സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥലമുടമയ്ക്കു ബാധ്യതയായിട്ടുള്ള തുക കോടതി മുഖേന അടച്ചു തീർക്കാൻ സാധിച്ചതിനാൽ ഇരുവർക്കും മോചനം ലഭിക്കുകയും തർഹീൽ വഴി നാട്ടിലേക്കയക്കാൻ വിധിയാവുകയും ചെയ്തു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തർഹീൽ സംവിധാനം പ്രവർത്തിക്കാതിരുന്നതിനാൽ നാട്ടിലേക്കു പോകാനുള്ള സാഹചര്യവും വൈകുകയായിരുന്നു. അപ്പോഴാണ് മുമ്പ് ജോലി ചെയ്തിരുന്ന മഹായിലിലെ ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയറായ അസ്‌ലം മുണ്ടയ്ക്കലുമായി ഷംസുദ്ദീനും മൊയ്തീൻകുഞ്ഞിയും ബന്ധപ്പെടുന്നത്. അദ്ദേഹം സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും  കോൺസുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരവുമായി ബന്ധപ്പെട്ട് ഇരുവർക്കും നാടണയാനുള്ള രേഖകൾക്കുള്ള ശ്രമം തുടങ്ങി. എന്നാൽ രണ്ടു പേരുടെയും സ്‌പോൺസർമാർ രണ്ടിടങ്ങളിലായത് കാര്യങ്ങൾ വൈകാനിടയാക്കി. മൊയ്ദുവിന്റെ ജിദ്ദയിലുള്ള സ്‌പോൺസിറിൽ നിന്നുള്ള രേഖകൾ ശരിയാക്കാൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര മുഖേന സോഷ്യൽ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടിയും, വെൽഫെയർ വളണ്ടിയർ ഹസൈനാർ മാരായമംഗലവും വിഷയം ഏറ്റെടുത്തു. ഇതിനിടെ ഒരാളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഔട്ട്പാസ് അനുവദിച്ചു കിട്ടാനും അപേക്ഷ നൽകി. ജയിൽ മോചിതരായി ഒരു വർഷത്തിലധികമായിട്ടും എട്ടു വർഷത്തോളമായി നാടണയാനാകാതെ കുഴങ്ങുകയായിരുന്നു ഇരുവരും. മഹായിലിലെയും അബഹയിലെയും ജിദ്ദയിലെയും ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാർ സമയോചിതമായും പരസ്പരം ബന്ധപ്പെട്ടും പ്രവർത്തിച്ചതിനാൽ ഇരുവരുടെയും മടക്ക യാത്രക്കുള്ള രേഖകൾ സംബന്ധിച്ച നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചു. ജോലി നഷ്ടപ്പെടുകയും ജയിലിലായതിനാൽ ഉറ്റവരെയും ഉടയവരെയും കാണാനാകാതെ വിഷമിക്കുകയും ചെയ്ത സഹോദരങ്ങൾ ജയിൽ മോചനത്തിന് ശേഷമുള്ള ഒരു വർഷക്കാലം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. പ്രവാസത്തിലെ നല്ലൊരു ഭാഗവും ദുരിത ജീവിതം നയിക്കേണ്ടി വന്ന ഷംസുദ്ദീനും മൊയ്തീൻകുഞ്ഞിയും നാടണയാനുള്ള വഴിതെളിയിച്ച ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളോടുള്ള നന്ദി അറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്രയായത്. 
 

Tags

Latest News