Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ്: സൗദി പൗരനെ കടക്കെണിയിലാക്കി വിദേശി രാജ്യംവിട്ടു

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്താൻ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന സൗദി പൗരൻ നാൽപതു ലക്ഷം റിയാലിന്റെ കടക്കെണിയിലായതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. തന്റെ സ്‌പോൺസർഷിപ്പിൽ ജോലി ചെയ്തിരുന്ന വിദേശിയാണ് സൗദി പൗരനെ കടക്കെണിയിലാക്കി രാജ്യം വിട്ടത്. സൗദി പൗരന്റെ പേരിൽ വ്യാപാര സ്ഥാപനം തുറക്കാമെന്ന നിർദേശം മുന്നോട്ടുവെച്ച വിദേശി, സ്ഥാപന നടത്തിപ്പ് മേൽനോട്ട ചുമതല താൻ വഹിക്കുമെന്ന് അറിയിക്കുകയും പകരം സ്‌പോൺസർക്ക് പ്രതിമാസം നിശ്ചിത തുക കൈമാറാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. 


അൽപ കാലം വ്യാപാര സ്ഥാപനം നടത്തിയ വിദേശി പിന്നീട് തന്റെ സ്‌പോൺസർഷിപ്പ് മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റുന്നതിന് സൗദി പൗരനോട് റിലീസ് ആവശ്യപ്പെട്ടു. വിദേശിയെ അമിതമായി വിശ്വസിച്ച സൗദി പൗരൻ വ്യാപാര സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളൊന്നും പരിശോധിക്കാതെ റിലീസ് നൽകി. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സൗദി പൗരന് കാര്യമായി ഒന്നും അറിയില്ലായിരുന്നു. വിദേശ തൊഴിലാളി സ്‌പോൺസർഷിപ്പ് മാറ്റി ദിവസങ്ങൾക്കു ശേഷം സ്ഥാപനത്തിന് കടമായി സാധനങ്ങൾ വിതരണം ചെയ്ത കമ്പനികളും സ്ഥാപനങ്ങളും പണം ആവശ്യപ്പെട്ട് സൗദി പൗരനെ സമീപിക്കാൻ തുടങ്ങി. ആകെ നാൽപതു ലക്ഷം റിയാലിന്റെ കടങ്ങളാണ് സ്ഥാപനത്തിന്റെ പേരിൽ വിദേശി വരുത്തിവെച്ചത്. വിദേശിയുമായി ആശയവിനിമം നടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ രാജ്യം വിട്ടതായി സൗദി പൗരൻ അറിഞ്ഞതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. 

Tags

Latest News