Sorry, you need to enable JavaScript to visit this website.

രണ്ടു വർഷത്തിനിടെ ഒരു ലക്ഷം തൊഴിൽ കേസുകളിൽ വിധി


റിയാദ് - രണ്ടു വർഷത്തിനിടെ ഒരു ലക്ഷത്തിലേറെ തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കി ലേബർ കോടതികൾ വിധികൾ പ്രസ്താവിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ ആകെ 1,10,000 തൊഴിൽ കേസുകളിലാണ് കോടതികൾ വിധികൾ പ്രസ്താവിച്ചത്. രണ്ടു കൊല്ലത്തിനിടെ തൊഴിൽ കേസ് വിചാരണക്ക് ലേബർ കോടതികളിൽ 3,30,000 ത്തിലേറെ സിറ്റിംഗുകൾ നടന്നു. ഈ വർഷം (ഹിജ്‌റ 1443) ആദ്യത്തെ രണ്ടാഴ്ചക്കിടെ 16,155 തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധികൾ പ്രസ്താവിച്ചു.
കഴിഞ്ഞ വർഷം മുപ്പതു ശതമാനം തൊഴിൽ കേസുകൾ ഒറ്റ സിറ്റിംഗിലും നാൽപതു ശതമാനം കേസുകൾ രണ്ടു സിറ്റിംഗിലും മുപ്പതു ശതമാനം കേസുകൾ മൂന്നു സിറ്റിംഗുകളിലും വിചാരണ പൂർത്തിയാക്കി വിധികൾ പ്രസ്താവിച്ച് ക്ലോസ് ചെയ്തു. ലേബർ കോടതികളിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങൾ കേസ് വിചാരണയുടെ ഗുണമേന്മ ഉയർത്താനും വിചാരണ വേഗത്തിലാക്കാനും സഹായിച്ചതായും നീതിന്യായ മന്ത്രാലയം പറഞ്ഞു.
സൗദിയിൽ പ്രധാന നഗരങ്ങളിൽ തൊഴിൽ കേസുകൾക്ക് ലേബർ കോടതികൾ പ്രവർത്തിക്കുന്നുണ്ട്. മറ്റിടങ്ങളിൽ ജനറൽ കോടതികളിൽ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളാണ് തൊഴിൽ കേസുകൾ പരിശോധിക്കുന്നത്. സൗദിയിൽ ലേബർ ഓഫീസുകളോട് ചേർന്ന അനുരഞ്ജന തൊഴിൽ തർക്ക പരിഹാര വിഭാഗത്തിലാണ് തൊഴിൽ പരാതികൾ ആദ്യം നൽകേണ്ടത്. തൊഴിലുടമ, തൊഴിലാളി പ്രതിനിധികളുമായി ചർച്ചകൾ നടത്തി കേസുകൾക്ക് രമ്യമായ പരിഹാരമുണ്ടാക്കാൻ അനുരഞ്ജന തൊഴിൽ തർക്ക പരിഹാര വിഭാഗം ശ്രമിക്കും. തൊഴിൽ കേസുകൾക്ക് രമ്യമായ പരിഹാരം കാണാൻ 21 ദിവസമാണ് അനുവദിക്കുന്നത്. ഇതിനകം പരിഹരിക്കാൻ കഴിയാത്ത തൊഴിൽ കേസുകൾ വിചാരണക്കായി ലേബർ കോടതികൾക്ക് കൈമാറുകയാണ് ചെയ്യുക. 


 

Tags

Latest News