Sorry, you need to enable JavaScript to visit this website.

മാനവ ശേഷി മന്ത്രാലയത്തിന്റെ തീരുമാനം: തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ സ്വദേശികൾ

റിയാദ് - ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രൊഫഷൻ ലൈസൻസ് അനുവദിക്കാൻ മിനിമം സെക്കണ്ടറി യോഗ്യതയുണ്ടായിരിക്കണമെന്ന മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ദീർഘകാലമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സ്വദേശി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. സെക്കണ്ടറി യോഗ്യതയില്ലാത്ത നിരവധി സ്വദേശി യുവാക്കൾ ദീർഘകാലമായി ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ദീർഘകാലത്തെ ജോലിയിലൂടെ മതിയായ പരിചയ സമ്പത്തും ആവശ്യമായ നൈപുണ്യങ്ങളും ആർജിച്ചിട്ടുണ്ടെങ്കിലും മന്ത്രാലയത്തിന്റെ പുതിയ തീരുമാനം തങ്ങൾക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് യുവാക്കൾ ഭയക്കുന്നത്. ഈ വ്യവസ്ഥ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പുനഃപരിശോധിക്കണമെന്നാണ് സ്വദേശി യുവാക്കൾ ആഗ്രഹിക്കുന്നത്. 
പതിനേഴു വർഷമായി ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്ന തനിക്ക് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് സൗദി യുവാവ് മുസ്‌നദ് അൽമുസ്‌നദ് പറയുന്നു. ദീർഘകാലത്തെ ജോലിയിലൂടെ സ്വദേശികൾ ആർജിച്ച പരിചയ സമ്പത്ത് മന്ത്രാലയം അവഗണിക്കാൻ പാടില്ല. വ്യത്യസ്ത മേഖലകളിൽ സ്വദേശികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ജോലിയിലൂടെ ആർജിച്ച പരിചയ സമ്പത്ത് മന്ത്രാലയം മാനിക്കുകയാണ് വേണ്ടതെന്നും മുസ്‌നദ് അൽമുസ്‌നദ് പറയുന്നു. 
സെക്കണ്ടറി യോഗ്യത നിർബന്ധമാക്കുന്നത് പ്രതികൂലമായി ബാധിക്കുന്നവരിൽ ഒരാളാണ് താനെന്ന് അബ്ദുൽ മജീദ് അൽമിസ്അബി പറഞ്ഞു. പരിചയ സമ്പത്തും നൈപുണ്യങ്ങളുമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ചെയ്യേണ്ടത്. തന്നെ പോലുള്ളവർക്ക് പാലിക്കാൻ കഴിയാത്ത ദുഷ്‌കരമായ ഈ വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുനഃപരിശോധിക്കണം. ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടാനും തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടാനും പുതിയ വ്യവസ്ഥ ഇടയാക്കും. ജ്വല്ലറി മേഖലയിലെ ജോലിക്ക് ഏറ്റവും ആവശ്യം പരിചയ സമ്പത്താണ്. ഇരുപത്തിനാലു വർഷമായി താൻ ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നു. സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയെന്ന വ്യവസ്ഥ ഇത്രയും ദീർഘകാലത്തെ പരിചയ സമ്പത്ത് അപ്രസക്തമാക്കുകയാണ്. മന്ത്രാലയം ബാധകമാക്കിയ പുതിയ വ്യവസ്ഥ തങ്ങളെ കടുത്ത ആശങ്കയിലാക്കുന്നതായും അബ്ദുൽ മജീദ് അൽമിസ്അബി പറഞ്ഞു. 
ജ്വല്ലറി മേഖലാ ജീവനക്കാർക്ക് മിനിമം സെക്കണ്ടറി യോഗ്യത ബാധകമാക്കാനുള്ള മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം നിരവധി പേരെ ഭീതിയിലാക്കിയിട്ടുണ്ടെന്ന് ജ്വല്ലറി ജീവനക്കാരനായ മഹ്ദി അൽമൻഹാലി പറയുന്നു. പുതിയ വ്യവസ്ഥ തങ്ങളെ സംബന്ധിച്ചിടത്തോളം പാലിക്കാൻ കഴിയാത്തതാണ്. ഇത് നിർബന്ധമാക്കാനുള്ള തീരുമാനം മൂലം തൊഴിൽ നഷ്ടപ്പെടുമെന്ന ഭയപ്പാടിലാണ് തങ്ങൾ കഴിയുന്നത്. പരിചയ സമ്പന്നർക്ക് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം മുൻഗണന നൽകുകയാണ് വേണ്ടത്, അല്ലാതെ ഉള്ള ജോലിയിൽ നിന്ന് പുറത്താക്കുന്ന വ്യവസ്ഥ നിർബന്ധമാക്കുകയല്ലെന്നും മഹ്ദി അൽമൻഹാലി പറയുന്നു. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച മാനവ ശേഷി വികസന പ്രോഗ്രാമിന് വിരുദ്ധമാണ് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്യായമായ വ്യവസ്ഥയെന്ന് ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്ന മറ്റൊരു സൗദി യുവാവായ അബൂഅബ്ദുല്ല പറയുന്നു. നൈപുണ്യങ്ങൾക്കും പരിച സമ്പത്തിനുമാണ് മാനവ ശേഷി വികസന പ്രോഗ്രാം ഊന്നൽ നൽകുന്നതെന്നും അബൂഅബ്ദുല്ല പറയുന്നു. ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നവർ പ്രൊഫഷൻ ലൈസൻസ് നേടിയിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കുന്ന തീരുമാനം മാനവ ശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് പ്രഖ്യാപിച്ചത്. പ്രൊഫഷൻ ലൈസൻസിന് അപേക്ഷിക്കുന്നവർ സൗദികളായിരിക്കണമെന്നും മിനിമം സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. 2022 ജനുവരി നാലു മുതൽ ജ്വല്ലറി ജീവനക്കാർക്ക് പ്രൊഫഷൻ ലൈസൻസ് നിർബന്ധമാക്കിത്തുടങ്ങും. ഒരു വർഷ കാലാവധിയുള്ള ലൈസൻസ് ആണ് ജ്വല്ലറി ജീവനക്കാർക്ക് അനുവദിക്കുക. സൗദിയിൽ ആറായിരത്തിലേറെ ജ്വല്ലറികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ ജ്വല്ലറിയിലും ശരാശരി നാലു മുതൽ അഞ്ചു വരെ ജീവനക്കാരുണ്ട്. 

Tags

Latest News