Sorry, you need to enable JavaScript to visit this website.

നാടുകടത്തിയവർക്ക് ഹജ്, ഉംറ വിസകളിൽ മാത്രം പ്രവേശനം

റിയാദ് - നിയമ ലംഘനങ്ങൾക്ക് സൗദിയിൽ നിന്ന് നാടുകടത്തപ്പെടുന്നവർക്ക് ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കുന്നതിന് ഹജ്, ഉംറ വിസകളിൽ മാത്രമേ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ സാധിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദിവൽക്കരിച്ച തൊഴിലിൽ ജോലി ചെയ്തതിന് അറസ്റ്റ് ചെയ്ത് നാടുകടത്തിയ തനിക്ക് പുതിയ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കാൻ സാധിക്കുമോയെന്ന വിദേശികളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 
തൊഴിൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ തന്നെ ഗവർണറേറ്റിന്റെയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും തീരുമാന പ്രകാരം ജവാസാത്ത് ഡയറക്ടറേറ്റ് വഴി നാടുകടത്തുകയായിരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് നടത്തിയ അന്വേഷണത്തിൽ തന്റെ പേരിൽ നാടുകടത്തലല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഫൈനൽ എക്‌സിറ്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായി. ഈ സാഹചര്യത്തിൽ പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് തിരികെ വരാൻ സാധിക്കുമോയെന്നായിരുന്നു വിദേശിയുടെ അന്വേഷണം. സൗദിയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജും ഉംറയും നിർവഹിക്കാനല്ലാതെ രാജ്യത്തേക്ക് മടങ്ങാനാകില്ലെന്ന് ഇതുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ അനുശാസിക്കുന്നതായി ഇതിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
 

Tags

Latest News