Sorry, you need to enable JavaScript to visit this website.

ബീജവും സങ്കലന കിറ്റും ഓണ്‍ലൈനില്‍ വാങ്ങി യുവതി പ്രസവിച്ചു; ഇ ബേബി

ലണ്ടന്‍- പുരുഷ ബീജവും ബീജസങ്കലന കിറ്റും ഓണ്‍ലൈനില്‍ വാങ്ങി 33 വയസ്സായ ബ്രിട്ടീഷ് യുവതി ഇ-ബേബിക്ക് ജന്മം നല്‍കി. അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന അമ്മ കുഞ്ഞിനു നല്‍കിയിരിക്കുന്ന പേര് ഏദന്‍.
യു.കെയിലെ നണ്‍തോര്‍പ് ടീസിഡെയില്‍ താമസിക്കുന്ന സ്റ്റെഫാനി ടെയ്‌ലര്‍ക്ക് മുന്‍ പങ്കാളിയില്‍ നാല് വയസ്സായ മകനുണ്ട്. രണ്ടാമതൊരു കുഞ്ഞിനായി ആഗ്രഹിച്ച അവര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് വഴിയാണെങ്കില്‍ 1600 പൗണ്ട് (1.61 ലക്ഷം) ചെലവാകുമെന്നത് കണക്കിലെടുത്താണ്  മറ്റൊരു വഴി തേടിയത്.
ഇ ബേയില്‍നിന്ന് ബീജസങ്കലന കിറ്റ് (ഇന്‍സെമിനേഷന്‍ കിറ്റ്) വാങ്ങിയ അവര്‍ ജസ്റ്റ് എ ബേബി ആപ്പ് വഴിയാണ് ബീജദാതാവിനെ കണ്ടെത്തിയത്.
ആഴ്ചകള്‍ നീണ്ട മെസേജുകള്‍ക്ക് ശേഷം ദാതാവ് ബീജം സ്റ്റെഫാനിയുടെ വീട്ടിലെത്തിച്ചു. നല്ല സൗഹൃദം ഇഷ്ടപ്പെടുന്നയാളായിരുന്നുവെന്നും തങ്ങള്‍ ഒരുമിച്ചിരുന്ന് ചായ കുടിച്ച ശേഷം കാലാവസ്ഥയെ കുറിച്ചും മറ്റും സംസാരിച്ചുവെന്നും സ്റ്റെഫാനി പറഞ്ഞു.
പ്രൊഫൈല്‍ നോക്കിയപ്പോള്‍ പുതിയ കുഞ്ഞ് മൂത്ത കുട്ടിയെ പോലെ തന്നയിരിക്കുമെന്ന് കരുതിയതിനാലാണ് ഈ ദാതാവിനെ തെരഞ്ഞെടുത്തതെന്നും അവര്‍ പറയുന്നു.
ബീജസങ്കലന കിറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് യുട്യൂബ് നോക്കിയാണ് മനസ്സിലാക്കിയത്. കിറ്റ് ഉപയോഗിച്ച് ബീജസങ്കലനം നടത്തി രണ്ടാഴ്ചക്കുശേഷം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു.
മകന്‍ ഫ്രാങ്കി ഒറ്റ മകനായി ജീവിക്കരുതെന്ന ആഗ്രഹം കൊണ്ടാണ് മറ്റൊരു കുട്ടിയെ ആഗ്രഹിച്ചതെന്നും പുതിയൊരു ബന്ധമുണ്ടാക്കിയാല്‍ അത് മകനെ ബാധിക്കുമെന്ന് ഭയപ്പെട്ടുവെന്നും സ്റ്റെഫാനി പറയുന്നു.
കുടുംബത്തില്‍ അമ്മയും സഹോദരിയും എതിര്‍ത്തുവെങ്കിലും അച്ഛന്‍ ഉഗ്രന്‍ തീരുമാനമെന്നാണ് പ്രതികരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News